പുത്തനുടുപ്പും വര്‍ണ്ണകുടകളുമായി ആയിരക്കണക്കിന് പിഞ്ചോമനകള്‍ ജില്ലയില്‍ ഇന്ന് വിദ്യാലയ തിരുമുറ്റത്തേക്ക്

Thursday 31 May 2018 10:08 pm IST

 

കണ്ണൂര്‍: പുത്തനുടുപ്പും വര്‍ണ്ണക്കുടകളും ചുടി കളിചിരികളും പൊട്ടിക്കരച്ചിലും കൊച്ചു കുസൃതികളുമായി എത്തുന്ന കുരുന്നുകളെ കൊണ്ട് വിദ്യാലയാന്തരീക്ഷങ്ങള്‍ ഇന്നു മുതല്‍ ശബ്ദമുഖരിതമാകും. രണ്ടു മാസത്തെ മധ്യവേനലവധിക്കു ശേഷമാണ് സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നത്. പുതുതായി വിദ്യാലയ മുറ്റത്തേക്കെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സ്‌ക്കൂളുകളില്‍ അധികൃതരും പിടിഎ കമ്മറ്റിയംഗങ്ങളും ജില്ലയിലെ ഒട്ടുമിക്ക സ്‌ക്കൂളുകളിലും നടത്തിയിരിക്കുന്നത്. 

 നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തും. കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ആറാം പ്രവൃത്തി ദിവസമായ ജൂണ്‍ ഏഴിനായിരിക്കും കുട്ടികളുടെ കണക്ക് ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച കണക്കും പുറത്തുവരും.

പാഠപുസ്തകം, യൂനിഫോം വിതരണം സ്‌കൂള്‍ തുറക്കുംമുമ്പ് പൂര്‍ത്തിയായതായാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വാദം. പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി 34,500 ക്ലാസ്മുറികളില്‍ പൂര്‍ത്തിയായി. 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആകുന്നത്. അധ്യാപനത്തിനായുള്ള സമഗ്ര പോര്‍ട്ടലും ആപും തയാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും ഐടി പരിശീലനവും പൂര്‍ത്തിയായി. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി.

200 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറും തയാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും അക്കാദമിക് മാസ്റ്റര്‍പ്ലാനും തയാറാക്കിയിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ പഠനപദ്ധതികളും ഇത്തവണ ആവിഷ്‌കരിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.