അടിയറപ്പാറയിലെ നിസ്‌ക്കാര വിലക്ക് : സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പച്ചക്കളളം : പുറത്തു വരുന്നത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ്

Thursday 31 May 2018 10:09 pm IST

 

കൂത്തുപറമ്പ്: കൂത്തുപറമ്പ്-മൂര്യാട് റോഡിലെ അടിയറപ്പാറയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ആന്റ് ഇസ്ലത്തുല്‍ ഇസ്‌ലാം  മദ്രസയില്‍ നോമ്പു കാലത്തെ നിസ്‌ക്കാര വിലക്കിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പച്ചക്കളളം. 

സിപിഎം ശക്തികേന്ദ്രവും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് താരതമ്യേന സ്വാധീനം കുറഞ്ഞ പ്രദേശത്തെ നിസ്‌ക്കാര വിലക്കിനെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സിപിഎം നേതാക്കളുടേയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങളെ വെളളപൂശാനുളള നീക്കത്തിന്റെ ഭാഗമാണ് ഇതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പച്ചക്കളളം പ്രചരിപ്പിക്കുന്നതിന് പിന്നില്‍. ഒരേ സമയം ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധാനാസ്വാതന്ത്ര്യത്തെ പാര്‍ട്ടി തടസ്സപ്പെടുത്തില്ലെന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി അടിയാറപ്പാറയില്‍ ആരാധനാലയം ആരംഭിക്കുന്നതിനെതിരെ പാര്‍ട്ടി പ്രാദേശിക നേതാക്കളുള്‍പ്പെടെ ഹിന്ദുകുടുംബ സമിതിയോടൊപ്പമാണ് പാര്‍ട്ടിയെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമവുമാണ് നടത്തുന്നത്. 

പ്രാദേശികമായി പാര്‍ട്ടിക്കാരെ തളളാന്‍ കഴിയാത്ത സിപിഎം ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് പാര്‍ട്ടിയെന്ന് പ്രചരിപ്പിക്കപ്പെടുമെന്നതിനാല്‍ ആരാധനാലയത്തിന് എതിരല്ലെന്ന് വരുത്തി തീര്‍ക്കാനും ശ്രമിക്കുകയാണ്. പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് അടിയാറപാറയിലെ വിഷയത്തില്‍ ജനം തിരിച്ചറിഞ്ഞതോടെ പ്രശ്‌നത്തില്‍ പങ്കാളിയല്ലാത്ത ആര്‍എസ്എസിനെ അതിലേക്ക് വലിച്ചിഴച്ച് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുളള നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടംതൊട്ടേ മദ്രസയെ ആരാധനാലയമാക്കി മാറ്റാനുളള ഒരു വിഭാഗത്തിന്റെ ശ്രമത്തിനെതിരെ നാട്ടുകാരോടൊപ്പം അടിയുറച്ച് നില്‍ക്കുകയാണ് ഹൈന്ദവ സംഘടനകള്‍.

സിപിഎമ്മിന്റെ ജില്ലാകമ്മറ്റി മെമ്പറായ നേതാവിന്റെ അടുത്ത ബന്ധുവായ സിപിഎം പ്രവര്‍ത്തകന്‍ കണ്‍വീനറായി പ്രദേശവാസികളായ നാല്‍പ്പതിലധികം ഹിന്ദു കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഹിന്ദു കുടുംബ സമിതിയുടെ നേതൃത്വത്തില്‍ 2009 മുതല്‍ പ്രസ്തുത മദ്രസ ആരാധനാലയമാക്കി മാറ്റാനുളള നീക്കത്തിനെതിരെ മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നിസ്‌ക്കാര പ്രാര്‍ത്ഥന നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുള്‍പ്പെടെ നേതൃത്വം നല്‍കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സിപിഎം ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളളവര്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് പ്രശ്‌നം ഇപ്പോള്‍ ആര്‍എസ്എസിനുമേല്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ സിപിഎം നേതൃത്വത്തിന്റെ ശ്രമം. ഹിന്ദു കുടുംബ സമിതി അംഗങ്ങള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നിസ്‌ക്കാരം നടത്താനുളള അനുമതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കലക്ടര്‍ക്ക് വിടുകയായിരുന്നു. എന്നാല്‍ കലക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. 

മദ്രസയെ ആരാധാനാലയമാക്കി മാറ്റാനുളള നീക്കത്തിനെതിരെ നിലകൊണ്ട അടിയറപ്പാറയിലെ നാട്ടുകാര്‍ രൂപം നല്‍കിയ ഹിന്ദു കുടുംബ സമിതിയുടെ നിലപാടിനെ അനുകൂലിക്കുക മാത്രമാണ് സംഘപ്രസ്ഥാനങ്ങള്‍ ചെയ്തത്. നേരെ മറിച്ച് സംഘടനയ്ക്ക് യാതൊരു പ്രവര്‍ത്തനവുമില്ലാത്ത അടിയറപാറയില്‍ നിസ്‌ക്കാരം തടസ്സപ്പെട്ടതായി പറയപ്പെടുന്ന സംഭവത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പാര്‍ട്ടി ഗ്രാമത്തിലെ മദ്രസയില്‍ റംസാനില്‍ നമസ്‌ക്കാരത്തിന് അവസരമൊരുക്കണമെന്നഭ്യര്‍ഥിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലഷണന് മദ്രസ കമ്മറ്റി കത്തയച്ച വാര്‍ത്ത പുറത്തു വന്നതോടെ വെട്ടിലായ സിപിഎം നേതൃത്വം ആര്‍എസ്എസിനെതിരെ കളള പ്രചരണവുമായി രംഗത്ത് വരികയായിരുന്നു. കൂത്തുപറമ്പ് അടിയറപ്പാറയിലെ മുസ്ലീം കുടുംബങ്ങള്‍ക്കു വേണ്ടി അടിയറപ്പാറ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ആന്റ് ഇസ്ലത്തുല്‍ ഇസ്ലാം മദ്രസയാണു കത്തയച്ചത്. ചില തല്‍പ്പരകക്ഷികള്‍ പോലീസ് സഹായത്തോടെ മദ്രസയിലെ നമസ്‌കാരത്തിനെതിരെ രംഗത്തു വന്നിട്ടുണ്ടെന്നും ഈ വിഷയം പാര്‍ട്ടി ഇടപെട്ട് പരിഹരിക്കണമെന്നുമാണ് ആവശ്യം. ലോക്കല്‍ സെക്രട്ടറി വരെയുളളവരെ സമീപിച്ചിട്ടും പരിഹാരമുണ്ടായിലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. നമസ്‌കാരം അനുവദിക്കണമെന്ന കാര്യത്തില്‍ നിയമപരമായ തീരുമാനമെടുക്കേണ്ടത് ഭരണകൂടമാണെന്നിരിക്കെ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ ഇരട്ടത്താപ്പുമായി മുന്നോട്ട് നീങ്ങുന്ന പാര്‍ട്ടി നിലപാട് അടിയറപ്പാറയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ സജീവ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.