ജപ്പാന്‍ ജ്വരം; അഴിയൂരില്‍ കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് സമഗ്ര പദ്ധതി

Thursday 31 May 2018 10:09 pm IST

 

മാഹി: അഴിയൂര്‍ പഞ്ചായത്തില്‍ കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കൊതുക് നിര്‍മ്മാര്‍ജ്ജനവും പരിസര ശുചീകരണവും ഊര്‍ജ്ജിതമാക്കാനായി അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും പരിസരവും പ്രത്യേക പരിശോധന നടത്താന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ യോഗം തീരുമാനിച്ചു. 

അഴിയൂര്‍ വെള്ളച്ചാല്‍ ഭാഗത്ത് ജപ്പാന്‍ ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റ് നടപടികളും ഊര്‍ജ്ജിതമാക്കാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. യുദ്ധകാല അടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനും അജൈവ മാലിന്യങ്ങള്‍ കയറ്റിയയക്കാനും തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ഓരോ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതം സഹായധനം നല്‍കും. ദേശീയപാതയിലടക്കം രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രാത്രികാല പെ്രേടാളിങ്ങ് ഊര്‍ജ്ജിതമാക്കുമെന്ന് ചോമ്പാല്‍ എസ്‌ഐ പി.കെ. ജിതേഷ് പറഞ്ഞു. ജപ്പാന്‍ ജ്വരം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍നസീര്‍ പറഞ്ഞു. 

ദേശീയപാതയിലേയും പഞ്ചായത്ത് റോഡുകളിലെയും ഓടകള്‍ കൊതുകുവളര്‍ത്തുകേന്ദ്രങ്ങളായി മാറുന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ഇത് ശുചീകരിക്കാനുള്ള നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ വാര്‍ഡുകളിലും ഫോഗിങ്ങും, ബോധവല്‍ക്കരണ പരിപാടിയും നടത്തണമെന്ന അഭിപ്രായവും ഉയര്‍ന്നു. പഞ്ചായത്തിലെ മുഴുവന്‍ വകുപ്പുകളും ഏകോപിപ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധികള്‍ തടയാനായി സത്വര നപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, ഉഷ ചാത്തങ്കണ്ടി, പി.എം.അശോകന്‍, എം.പി.ബാബു, പ്രദീപ് ചോമ്പാല, കെ.അന്‍വര്‍ ഹാജി, സാലിം പുനത്തില്‍, വി.പി.ജയന്‍, കെ.സി.പ്രമോദ്, ടി.ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.