കൊച്ചിന്‍ ദേവസ്വത്തിലെ എന്‍ജിനീയര്‍മാരുടെ നിയമനം ക്രമവിരുദ്ധം: ഹൈക്കോടതി

Friday 1 June 2018 3:09 am IST
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ നിയമനം ക്രമ വിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് 50,000 രൂപ കോടതിച്ചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ  നിയമനം ക്രമ വിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് 50,000 രൂപ കോടതിച്ചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.കോടതിച്ചെലവായി നല്‍കുന്ന തുക നിയമനം നടത്തിയ ഭരണ സമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ ബോര്‍ഡിന് സ്വാതന്ത്ര്യമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

നിയമനം പത്തുവര്‍ഷത്തിലേറെ കഴിഞ്ഞ സാഹചര്യത്തില്‍ നിയമനങ്ങളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം. 

 കരാര്‍ അടിസ്ഥാനത്തില്‍ 2006 ല്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ച അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ സ്ഥിരപ്പെടുത്തിയതിനെതിരെ ബോര്‍ഡ് ഉദ്യോഗസ്ഥനായ എം.കെ. നിതീഷ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളും കരാറടിസ്ഥാനത്തില്‍ ഇവരെ നിയമിച്ചത് സ്ഥിരപ്പെടുത്തിയതിന് അനുമതി തേടി ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയുമാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.401 ക്ഷേത്രങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ജോലി ഭാരം കണക്കിലെടുത്താണ് നിയമനമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിര്‍മ്മാണം, ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസുകളുടെ നിര്‍മ്മാണം തുടങ്ങിയവ നടക്കുന്നതിനാല്‍ ഫുള്‍ ടൈം അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ആവശ്യമുണ്ടെന്നും സത്യവാങ്മൂലം നല്‍കി. എന്നാല്‍ മുന്‍ഭാരവാഹികളുടെ ബന്ധുക്കള്‍ക്കാണ് നിയമനമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് പലതവണ കാലാവധി നീട്ടി നല്‍കിയശേഷം കോടതിയുടെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തിയെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ തുടരാന്‍ അനുവദിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിനെ വ്യാഖ്യാനിച്ച് ഇവരെ സ്ഥിരപ്പെടുത്തിയത് അലോസരപ്പെടുത്തുന്നുവെന്നു കോടതി പറഞ്ഞൂ. ഹൈക്കോടതിക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് അസിസ്റ്റന്റ്  എന്‍ജിനീയര്‍മാരെ ആവശ്യമാണെന്ന് വ്യക്തമാണ്. ഇന്റര്‍വ്യു അടക്കമുള്ള നടപടികള്‍ക്കു ശേഷമാണ് നിയമനം നടത്തിയത്. ഇക്കാരണങ്ങളാല്‍ നിയമവിരുദ്ധമാണ് നിയമനമെന്ന് പറയുന്നില്ല. ക്രമവിരുദ്ധമെന്നേ പറയാനാവൂ. ഇവര്‍ 12 വര്‍ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ല, ഉത്തരവ് പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.