റബ്ബര്‍ ബോര്‍ഡിന്റെ രക്ഷയ്ക്ക് കേന്ദ്ര നടപടി; അധിക ജീവനക്കാരെ കുറയ്ക്കാന്‍ നിര്‍ദ്ദേശം

Friday 1 June 2018 3:12 am IST
റബ്ബര്‍ ബോര്‍ഡിലെ അധികജീവനക്കാരെ കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം. ബോര്‍ഡിന്റെ ഭരണച്ചെലവ് വര്‍ധിച്ചതാണ് കാരണം. റബ്ബര്‍ ബോര്‍ഡിന്റെ ഭരണ ചെലവ് 74 ശതമാനമായി വര്‍ധിച്ചതോടെ പദ്ധതി നിര്‍വ്വഹണം തടസപ്പെട്ടു.

കോട്ടയം: റബ്ബര്‍ ബോര്‍ഡിലെ അധികജീവനക്കാരെ കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം. ബോര്‍ഡിന്റെ ഭരണച്ചെലവ് വര്‍ധിച്ചതാണ് കാരണം.  റബ്ബര്‍ ബോര്‍ഡിന്റെ ഭരണ ചെലവ് 74 ശതമാനമായി വര്‍ധിച്ചതോടെ  പദ്ധതി നിര്‍വ്വഹണം തടസപ്പെട്ടു.  രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റബ്ബര്‍ ബോര്‍ഡ് മൂന്നംഗ കമ്മറ്റിയെ നിയമിച്ചു. 2016 ഫെബ്രുവരി 2ന് ഇറക്കിയ ഉത്തരവിന്‍ പ്രകാരം 328 തസ്തികകള്‍ റദ്ദാക്കിയിരുന്നു. ഇതിന്റെ ഫലമായി അംഗീകൃത തസ്തികകള്‍ 1649 ആയി കുറഞ്ഞു. ഇത് 900 ആയി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇതിലൂടെ വര്‍ഷം 36 കോടിയോളം പദ്ധതി നിര്‍വഹണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സൃഷ്ടിച്ച അനാവശ്യ തസ്തികകളാണ്  പ്രതിസന്ധിക്ക് പ്രധാന കാരണം. റബ്ബറില്‍ നിന്നുള്ള റവന്യു വരുമാനം മുഴുവനായും റബ്ബര്‍ ബോര്‍ഡിന് നല്‍കുന്നുണ്ടെങ്കിലും പ്രവര്‍ത്തനത്തിന് തടസ്സമായത് വര്‍ധിച്ച അടിസ്ഥാന ചെലവായിരുന്നു. 2016-17ല്‍ 19 കോടിയും 2017-18ല്‍ 41 കോടിയും അധികമായി അനുവദിച്ചിരുന്നു. ഒരു കിലോ റബ്ബറിന് രണ്ട് രൂപ നിരക്കില്‍ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ശേഖരിക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. ഇതിന്റെ രണ്ട് ശതമാനം ബോര്‍ഡിനാണ് ലഭിക്കുന്നത്. 2016-17ല്‍ 2.9 കോടി ഈ ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. 2017-18ല്‍ സെസ്സിനത്തില്‍ ലഭിക്കുന്ന തുക ഇരട്ടിയിലധികമാകുമെന്നാണ് റബ്ബര്‍ ബോര്‍ഡ് കണക്കുകൂട്ടുന്നത്. 

ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍ 2017 പ്രകാരം റബ്ബര്‍ ബോര്‍ഡ് പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ സപ്പോര്‍ട്ട് ലെവല്‍ ജീവനക്കാരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തണം.  സേവനങ്ങള്‍ കേന്ദ്ര ഓഫീസിലേക്ക് മാറ്റിയതിനാല്‍ കുറവ് ജീവനക്കാരെ ഉപയോഗിച്ച് ശമ്പളം, സബ്‌സിഡി വിതരണം, മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. അടുത്തിടെ എല്ലാ സര്‍വീസ് ബുക്കുകളും കേന്ദ്ര ഓഫീസിലേക്ക് മാറ്റിയിരുന്നു. 

ടെക്‌നിക്കല്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ടിങ്, അഡ്മിനിസ്‌ട്രേറ്റീവ് എന്നീ വിഭാഗങ്ങളിലായി 60 ശതമാനം, 15 ശതമാനം, 25 ശതമാനം എന്നിങ്ങനെ നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാരുടെ എണ്ണം നിലവില്‍ 50 ശതമാനം വരും. ഇത് പകുതിയോളം കുറയുമ്പോള്‍ ഒട്ടേറെ തസ്തികകള്‍ കുറയ്‌ക്കേണ്ടതുണ്ട്. റീജിയണല്‍ ഓഫീസുകള്‍ക്ക് പകരം സബ് ഓഫീസുകളായി രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഡെവലപ്‌മെന്റ് ഓഫീസ് കോട്ടയത്തും മറ്റ് പല സ്ഥലത്തും പരീക്ഷിച്ചത് വിജയം കണ്ടിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ എല്ലാ സേവനങ്ങളും നിലനിര്‍ത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ജനസേവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടേണ്ടതുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ക്കനുസരിച്ച് മറ്റെല്ലാ കമ്മോഡിറ്റി ബോര്‍ഡുകളും ജീവനക്കാരുടെ എണ്ണം നിജപ്പെടുത്താന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. റബ്ബര്‍ ബോര്‍ഡിലും ഈ നയങ്ങള്‍ നടപ്പിലാക്കുന്നതോടുകൂടി കര്‍ഷകരുടെ സബ്‌സിഡി വിതരണം ഉള്‍പ്പെടെ പുനഃസ്ഥാപിക്കാന്‍ കഴിയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.