സ്‌കൂളുകള്‍ ഇന്ന് തുറക്കും 4000 അധ്യാപകരില്ലാതെ

Friday 1 June 2018 3:26 am IST
പൊതു വിദ്യാലയ സംരക്ഷണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് ക്ലാസ്്മുറികള്‍ ഹൈടെക് ആക്കുമ്പോള്‍ 4000ത്തിലധികം അധ്യാപകരില്ലാതെയാണ് ഈ വര്‍ഷം കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത്. ഒഴിവുകള്‍ അതാത് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യണമെന്ന പൊതുവിദ്യാഭ്യാസഡയറക്ടറുട ഉത്തരവ് അട്ടിമറിക്കാന്‍ ഇടത് അധ്യാപക സംഘടനകളും കച്ചമുറുക്കി രംഗത്തുണ്ട്.

പാലക്കാട്: പൊതു വിദ്യാലയ സംരക്ഷണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് ക്ലാസ്്മുറികള്‍ ഹൈടെക് ആക്കുമ്പോള്‍ 4000ത്തിലധികം അധ്യാപകരില്ലാതെയാണ് ഈ വര്‍ഷം കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത്. ഒഴിവുകള്‍ അതാത് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യണമെന്ന പൊതുവിദ്യാഭ്യാസഡയറക്ടറുട ഉത്തരവ് അട്ടിമറിക്കാന്‍ ഇടത് അധ്യാപക സംഘടനകളും കച്ചമുറുക്കി രംഗത്തുണ്ട്. 

 സംസ്ഥാനത്താകെ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗംവരെ 4000ത്തിലധികം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ഇക്കാര്യമന്വേഷിച്ചവര്‍ക്ക് കൃത്യമായ മറുപടികൊടുക്കാന്‍ ഡെപ്യുട്ടി ഡയറക്ടര്‍മാര്‍ കൂട്ടാക്കുന്നില്ല. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ സ്‌കൂളുകളില്‍ കയറിയിറങ്ങി ശേഖരിച്ച കണക്കാണിത്. മലപ്പുറം ജില്ലയില്‍ മാത്രം 1200ലധികം അധ്യാപകരുടെ ഒഴിവുണ്ട്. 

 ഭൂരിപക്ഷം പൊതുവിദ്യാലയങ്ങളിലും രണ്ടുമുതല്‍ ആറുവരെ അധ്യാപകതസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മലയാളം നിര്‍ബന്ധമാക്കിയിട്ടും തലസ്ഥാന ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഒഴിഞ്ഞു കിടക്കുന്നതും മലയാള ഭാഷാധ്യാപക തസ്തികയാണ്. ഒന്നരവര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച മലയാളം അധ്യാപക റാങ്ക് പട്ടികയില്‍നിന്ന് ഇതുവരെ നിയമിച്ചത് 16പേരെ മാത്രം. അധ്യാപക നിയമന അനുപാതം 50ശതമാനമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും സര്‍ക്കാര്‍ നടപ്പാക്കിയില്ല.

 എല്ലാ സ്‌കൂളുകളും പത്രവാര്‍ത്ത കൊടുത്ത് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്ന തിരക്കിലാണിപ്പോള്‍. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന പരിശീലനങ്ങളൊന്നും ലഭിക്കാതെയാണ് ഓരോവര്‍ഷവും മാറിമാറിവരുന്ന ഈ അധ്യാപകര്‍ പഠിപ്പിക്കുന്നത്.പത്താം ക്ലാസ്സില്‍ മികച്ച മാര്‍ക്ക് വാങ്ങി ജയിച്ചകുട്ടികള്‍ക്ക് പോലും തെറ്റുകൂടാതെ എഴുതാനറിയാത്തതിന്റെ ഒരുകാരണം ഇതാണ്. സംഘടനാ നേതാക്കളായ അധ്യാപകര്‍ നേരാം വണ്ണം ക്ലാസ്സില്‍ കയറാത്തതാണ് മറ്റൊരുകാരണം.

 ക്ലാസ് മുറികള്‍ ഹൈടെക് ആക്കാനെന്ന പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം എയ്ഡഡ് സ്‌കൂളുകള്‍ക്കും കോടികളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 20മുതല്‍ 40 ലക്ഷംവരെ സംഭാവന വാങ്ങി അധ്യാപകരെ നിയമിക്കുന്ന ഒരു എയ്ഡഡ് സ്‌കൂളിന് സര്‍ക്കാര്‍ ചെലവാക്കുന്നത് കുറഞ്ഞത് നാലുകോടിയാണ.് ഇത്രയും പണം ചെലവഴിക്കുമ്പോള്‍ പഠനനിലവാരം നിലവാരം മെച്ചപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല.വിദ്യാഭ്യാസ നിവാര പരിശോധനയില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന തദ്ദേസ്ഥാപനങ്ങളാകട്ടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.

ബിആര്‍സികള്‍ സുഖവാസ കേന്ദ്രങ്ങള്‍

കുട്ടികള്‍ കൊഴിഞ്ഞുപോയതിനാല്‍ ജോലി നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് ടീച്ചേഴ്‌സ് ബാങ്ക്. 4060 അധ്യാപകരാണിപ്പോള്‍ ഈ ബാങ്കിലുള്ളത്.എയ്ഡഡ് സ്‌കൂളിലെ അധ്യാപകരാണധികവും.ഇവരെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കണമെന്നാണ് വ്യവസ്ഥ.അതിനുകൂടിയാണ്, ഒഴിവുകള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതു വിദ്യാസ ഡയറക്ടര്‍ സര്‍ക്കുലറിറക്കിയത്. ഇത് ശരിയായി നടക്കാത്തതിനാല്‍ ടീച്ചേഴ്‌സ് ബാങ്കിലെ അധ്യാപകരില്‍ ഭൂരിപക്ഷവും ബ്ലോക്ക് റിസോഴ്‌സ് സെന്ററു(ബിആര്‍സി)കളിലാണിപ്പോള്‍ ജോലിചെയ്യുന്നത്. അധ്യാപകരുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍ സംഘടിപ്പിക്കല്‍,പഠനനിലവാരം ഉറപ്പാക്കല്‍ എന്നിങ്ങനെ ചുമതലകളുണ്ടെങ്കിലും കൂടുതല്‍ സമയവും വെറുതെയിരിക്കലാണ് ജോലി.പഠിപ്പിക്കാന്‍ താല്‍പ്പര്യമില്ലാത്ത സംഘടനാ നേതാക്കളുടെ വിഹാരകേന്ദ്രം കൂടിയാണ് ബിആര്‍സികള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.