കൊടിതോരണങ്ങളില്ല, പ്രവേശനോത്സവമില്ല, കുട്ടികളുമില്ല ബോണക്കാട് സ്‌കൂളില്‍

Friday 1 June 2018 3:28 am IST
അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് തേയില തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന യുപി സ്‌കൂളാണ് കുട്ടികള്‍ ഉപേക്ഷിച്ച നിലയില്‍ . ഇക്കുറിയും ഇവിടെ ആരും പ്രവേശനത്തിന് എത്തിയില്ല. കഴിഞ്ഞതവണ തന്നെ ആകെ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ ടിസി വാങ്ങിച്ച് പോയതോടെ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍കാണി മാത്രമായി ഇവിടെ. രാവിലെ എത്തുന്ന ഹെഡ്മാസ്റ്റര്‍ സ്‌കൂള്‍ തുറക്കും. പിന്നെ ഉച്ചയ്ക്ക് മടക്കം.

ബോണക്കാട്(തിരുവനന്തപുരം): ഇവിടെ പ്രവേശനോത്സവമില്ല, അതിനായുള്ള കൊടിതോരണങ്ങളോ ആരവങ്ങളോ ഇല്ല. ആകെയുള്ളത് സ്‌കൂള്‍. പിന്നെ കുട്ടികള്‍ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹെഡ്മാസ്റ്ററും ഒരു താത്കാലിക ജീവനക്കാരനും.

അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് തേയില തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന യുപി സ്‌കൂളാണ്  കുട്ടികള്‍ ഉപേക്ഷിച്ച നിലയില്‍ . ഇക്കുറിയും ഇവിടെ ആരും പ്രവേശനത്തിന് എത്തിയില്ല. കഴിഞ്ഞതവണ തന്നെ ആകെ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ ടിസി വാങ്ങിച്ച് പോയതോടെ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍കാണി മാത്രമായി ഇവിടെ. രാവിലെ എത്തുന്ന ഹെഡ്മാസ്റ്റര്‍ സ്‌കൂള്‍ തുറക്കും. പിന്നെ ഉച്ചയ്ക്ക് മടക്കം. 

തോട്ടമുടമകളായ മഹാവീര്‍ പ്ലാന്റേഷനാണ് ഇവിടെ കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മിച്ചത്. അതാണ് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത ബോണക്കാട് യുപി സ്‌കൂള്‍. തോട്ടം അടച്ചുപൂട്ടി. പട്ടിണി മരണം ഇവിടെ പിടിമുറുക്കി. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ തോട്ടം തുറന്നില്ല. തൊഴിലാളികള്‍ തൊഴില്‍തേടി പലായനം ചെയ്തു. തുടര്‍ന്നാണ് നാട്ടുകാരും തൊഴിലാളികളും ആശ്രയിച്ചിരുന്ന സ്‌കൂളിനും കഷ്ടകാലം തുടങ്ങിയത്.

ബോണക്കാട് സ്‌കൂളില്‍ കുട്ടികളെ നിലനിര്‍ത്താന്‍ പഞ്ചായത്ത് യോഗം വിളിച്ചിരുന്നു. രക്ഷാകര്‍ത്താക്കളുമായി പലതവണ ചര്‍ച്ചയും നടത്തി. ആര്‍ക്കും ഇവിടേക്ക് കുട്ടികളെ അയയ്ക്കാന്‍ താത്പര്യമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന സ്‌കൂള്‍ എല്ലാവര്‍ക്കും മടുത്തു. ആവശ്യത്തിന് ഫണ്ട് അനുവദിക്കാന്‍ അധികൃതര്‍ക്കും താത്പര്യമില്ല. ബോണക്കാട്ടുകാര്‍ക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്ല. പ്രദേശവാസികള്‍ക്ക് ഇലക്ഷന് പോളിംഗ് ബൂത്താകാനും ആകെയുള്ളത് ഈ സ്‌കൂള്‍ മാത്രം. ഇതൊക്കെയാണ് ഇന്നും പൂട്ടുവീഴാതെ സ്‌കൂള്‍ നിലനില്‍ക്കാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.