മത വോട്ടിങ് നടന്നെന്ന് സൂചിപ്പിച്ച് രാഷ്ട്രീയ നിരീക്ഷണം

Friday 1 June 2018 10:12 am IST
11കൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് എല്‍ഡിഎഫ് ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കുന്നത്. 2007ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പാണ് ഇടതുമുന്നണി ഇതിനുമുമ്പ് ഏറ്റവും ഒടുവില്‍ ജയിച്ചത്.

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് വിജയത്തിനു പിന്നില്‍ മതാടിസ്ഥാനത്തിലുള്ള വോട്ടു രേഖപ്പെടുത്തലുണ്ടായെന്ന് പറയാതെ പറഞ്ഞ് നിഷ്‌പക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. 

കെ.എം. മാണി യുഡിഎഫിലായിരുന്നെങ്കിലും മാണി ഗ്രൂപ്പുകാര്‍ ഒന്നടങ്കം സജി ചെറിയാന് വോട്ടുചെയ്തുവെന്ന് ജയശങ്കര്‍ നിരീക്ഷിക്കുന്നു. അവകാശ വാദങ്ങള്‍ ഉന്നയിക്കാത്ത ദേവലോകം കാതോലിക്കാ ബാവയുടെയും മാര്‍ത്തോമ്മാ, സിഎസ്‌ഐ വൈദികരുടെയും പെന്തക്കോസ്ത് ഉപദേശികളുടെയും വിനയത്തിനും ആത്മ പരിത്യാഗത്തിനും കൂപ്പുകൈ എന്ന പരോക്ഷ പരാമര്‍ശമാണ് ജയശങ്കറിന്റെ ഫേസ്‌ബുക് പോസ്റ്റിലെ ജയശങ്കറിന്റെ നിരീക്ഷണം. 

പോസ്റ്റ് പൂര്‍ണ രൂപം: 

''ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി വിജയിച്ചു. സജി ചെറിയാന്റെ ഭൂരിപക്ഷം 20,956. മലപ്പുറത്തും വേങ്ങരയിലും മുസ്ലീംലീഗ് നേടിയതു പോലെ തിളക്കമാര്‍ന്ന വിജയം.

11കൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് എല്‍ഡിഎഫ് ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കുന്നത്. 2007ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പാണ് ഇടതുമുന്നണി ഇതിനുമുമ്പ് ഏറ്റവും ഒടുവില്‍ ജയിച്ചത്.

പിറവത്തും അരുവിക്കരയിലും ഉമ്മന്‍ചാണ്ടി ആവിഷ്‌കരിച്ചു നടപ്പാക്കിയ അതേ തന്ത്രമാണ് ചെങ്ങന്നൂരില്‍ സിപിഎം പയറ്റി വിജയിച്ചത് പണം, ഭരണ സ്വാധീനം, സമുദായം.

ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജനക്ഷേമ നടപടികള്‍ക്കു ലഭിച്ച അംഗീകാരമാണ് എന്നാണ് സഖാക്കള്‍ മദാറടിക്കുന്നത്. കസ്റ്റഡി മരണവും പോലീസിന്റെ വീഴ്ചകളുമൊക്കെ ഇതോടെ ലാപ്‌സായി പോലും.

ചരിത്രം ആവര്‍ത്തിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബാര്‍കോഴയും സോളാറും ജനം നിരാകരിച്ചു എന്നാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്.

കേരള കോണ്‍ഗ്രസ് ഇല്ലാതെ ഇടതുപക്ഷ മുന്നണിക്കു ജയിക്കാന്‍ കഴിയും എന്നാണ് കാനം രാജേന്ദ്രന്റെ അവകാശ വാദം. ചെങ്ങന്നൂരെ മാണി ഗ്രൂപ്പുകാര്‍ ഒന്നടങ്കം സജി ചെറിയാനാണ് വോട്ട് ചെയ്തത് എന്നത് അരമന രഹസ്യം.

എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ ഇടതു സ്ഥാനാര്‍ഥിക്കായിരുന്നു എന്ന് വെളളാപ്പളളി നടേശന്‍ വ്യക്തമാക്കി. എന്‍എസ്എസ് സമദൂരം വെടിഞ്ഞു ശരിദൂരമായെന്ന് സുകുമാരന്‍ നായരും അവകാശപ്പെടും.

യാതൊരു അവകാശ വാദവും ഉന്നയിക്കാത്തത് ദേവലോകം കാതോലിക്കാ ബാവയും മാര്‍ത്തോമ്മാ, സിഎസ്‌ഐ വൈദികരും പെന്തക്കോസ്ത് ഉപദേശികളുമാണ്. അവരുടെ വിനയത്തിനും ആത്മ പരിത്യാഗത്തിനും കൂപ്പുകൈ.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.