ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി: ഗ്രാമസഭായോഗത്തില്‍ ബഹളവും കയ്യാങ്കളിയും

Friday 1 June 2018 8:51 pm IST

 

ഇരിട്ടി: ജനവാസകേന്ദ്രത്തില്‍ സെമിത്തേരി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അനുവാദം നല്‍കിയതിനെതിരെ വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത ഗ്രാമസഭ ബഹളത്തിലും കയ്യാങ്കളിയിലും കലാശിച്ചു. 

 പായം പഞ്ചായത്തിലെ കരിയാലിലെ ജനവാസകേന്ദ്രത്തില്‍ പുതുക്കി പണിയുന്ന പള്ളിയോട് ചേര്‍ന്ന് സെമിത്തേരി നിര്‍മ്മിക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്‍ഒസി നല്‍കിയത്. പള്ളി സെമിത്തേരി നിര്‍മ്മാണത്തിന് ശ്രമം നടത്തുന്നുവെന്ന് അറിഞ്ഞത് മുതല്‍ പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കാതെ പള്ളി അധികൃതര്‍ നല്‍കിയ അപേക്ഷയില്‍ പഞ്ചായത്ത് ഭരണസമിതി സെമിത്തേരിക്ക് എന്‍ഒസി നല്‍കുകയായിരുന്നു. 

ഇതിനിടയില്‍ സെമിത്തേരി നിര്‍മ്മാണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, ഹരിത െ്രെടബ്യൂണല്‍ , ജില്ലാ കളക്ടര്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ക്കും, ഭരണ നേതൃത്വത്തിനും പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗവും റവന്യൂ വിഭാഗവും സ്ഥലത്തു പരിശോധനയും നടത്തിയിരുന്നു. 

 ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നം രൂക്ഷമാണെന്നു കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പഞ്ചായത്തധികൃതര്‍ ഗ്രാമസഭാ യോഗം വിളിച്ചു ചേര്‍ത്തു. എന്നാല്‍ വിളിച്ച സ്ഥലത്തെക്കുറിച്ചു ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വരികയും തര്‍ക്കം ഉടലെടുക്കുകയും ചെയ്തതോടെ ക്വാറം തികയാതെ ഗ്രാമസഭ പിരിഞ്ഞു. വീണ്ടും വ്യാഴാഴ്ച പായം ഗവര്‍മ്മെന്റ് യുപി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത ഗ്രാമസഭയാണ് വന്‍ ബഹളത്തിലും കൈയാങ്കളിയിലും അവസാനിച്ചത്. പായം പഞ്ചായത്തു ഭരിക്കുന്ന സിപിഎമ്മില്‍ പോലും ഇത് വലിയ ചേരിതിരിവിനിടയാക്കിയതായാണ് അറിയുന്നത്. ജനങ്ങള്‍ ചേരിതിരിഞ്ഞു വലിയ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു യോഗം ഉടനെ നിര്‍ത്തിവെക്കുകയായിരുന്നു. സെമിത്തരി നിര്‍മ്മാണവുമായി ഇനിയും മുന്നോട്ടു പോയാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവിനും വന്‍ സംഘര്‍ഷത്തിനും ഇടയാകാന്‍ കാരണമാവും എന്നാണ് അറിയാന്‍ കഴിയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.