കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായ പരാതി; വകുപ്പ് മേധാവിക്കെതിരെ നടപടി; മേധാവിയെ സ്ഥാനത്തു നിന്നും നീക്കാന്‍ ഉത്തരവ്

Friday 1 June 2018 8:52 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥിനികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ വകുപ്പ് മേധാവിക്കെതിരെ നടപടി. പദവിയില്‍ നിന്ന് നീക്കാനും കൗണ്‍സിലിംഗിന് വിധേയമാക്കാനുമാണ് തീരുമാനം. മാങ്ങാട്ടുപറമ്പ കാമ്പസിലെ ഡോ.ടി.വി.രാമകൃഷ്ണനെതിരെയാണ് നടപടി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇന്റേണല്‍ കംപ്ലയന്റ്‌സ് കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനാണ് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ഡോ.ടി.വി.രാമകൃഷ്ണനെ വകുപ്പ് മേധാവി സ്ഥാനത്തു നിന്നു നീക്കാനും സര്‍ക്കാര്‍ ആശുപത്രിയില്‍ കൗണ്‍സിലിംഗ് നല്‍കാനുമാണ് ഉത്തരവ്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനാണ് ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറിക്കിയത്.

മാസങ്ങള്‍ക്ക് മുമ്പ് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ വകുപ്പ് മേധാവി തങ്ങളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ക്കും പിന്നീട് പോലീസിലും പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സിപിഎം അനുഭാവ അധ്യാപക സംഘടനാ നേതാവായ ആരോപണവിധേയനായ അധ്യാപകനെ രക്ഷിക്കുന്നതിനായി ഭരണസംവിധാനം ഉപയോഗിച്ച് പരാതി അവഗണിക്കുകയും വേണ്ട രീതിയില്‍ അന്വേഷിക്കുകയും ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. പരാതി ഒതുക്കി തീര്‍ക്കാന്‍ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. 

 അന്വേഷണം മുന്നോട്ട് പോകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്നതനുസരിച്ചുളള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി അന്വേഷിക്കുകയും ആരോപണ വിധേയനായ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കൃഷ്ണ മേനോന്‍ വനിതാ കോളേജ് അധ്യാപികയുമായിരുന്ന പ്രഫ.കെ.എ.സരളയുടെ നേതൃത്വത്തിലുളള മൂന്നംഗ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും സിപിഎം നേതാക്കള്‍ അംഗങ്ങളായ യോഗം നടപടിയെടുക്കാന്‍ വൈമനസ്യം കാണിച്ചു. തുടര്‍ന്ന് നടപടിയെടുത്തേ മതിയാകൂവെന്ന വൈസ് ചാന്‍സിലറുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ തുടര്‍നടപടിയെടുക്കാന്‍ അദ്ദേഹത്തെതന്നെ ചുമതലപ്പെടുത്തുകയായിരുന്നു. 2015 ലെ യുജിസി നിയമ പ്രകാരം വനിതാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുളള ശാരീരീകവും മാനസികവുമായ ഉപദ്രവത്തിനെതിരെയുളള ഒന്ന് (എ), രണ്ട് (സി), രണ്ട് (ഡി), രണ്ട് (ഇ) ചട്ടങ്ങള്‍ പ്രകാരമാണ് നടപടി. പദവിയില്‍ നിന്ന് നീക്കാനും കൗണ്‍സിലിംഗിന് വിധേയമാക്കാനുമുളള തീരുമാനത്തിന് പുറമേ സര്‍ക്കാര്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നും കൗണ്‍സിലിംഗ് പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലികമായി പ്രമോഷനുകള്‍ നല്‍കാന്‍ പാടില്ലെന്നും പരീക്ഷാ മൂല്യ നിര്‍ണ്ണയ ജോലികള്‍ ഇദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പാടില്ലെന്നും വൈസ്ചാന്‍സിലറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോ.ജോബി കെ. ജോസിനെ ഗണിത ശാസ്ത്ര വിഭാഗം മേധാവിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.