ഒ.സി.മോഹന്‍രാജിന് സംസ്ഥാന ജൈവവൈവിദ്ധ്യ മാധ്യമ അവാര്‍ഡ്

Friday 1 June 2018 8:52 pm IST

 

കണ്ണൂര്‍: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ മികച്ച ജൈവവൈവിദ്ധ്യ പത്രപ്രവര്‍ത്തകനായി കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും കണ്ണൂര്‍ ബ്യൂറോ ചീഫുമായ ഒ.സി.മോഹന്‍രാജിനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളകൗമുദി ദിനപത്രത്തില്‍ 2017 നവംബര്‍ രണ്ട് മുതല്‍ എട്ട് വരെ പ്രസിദ്ധീകരിച്ച പുഴയുടെ പുനര്‍ജനി വഴികള്‍ എന്ന ലേഖനപരമ്പരയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. നശിച്ചുപോയ പുഴകളും ജലാശയങ്ങളും സര്‍ക്കാരിന്റെ ഇടപെടലിലും നാട്ടുകാരുടെ കൂട്ടായ്മയിലും പുനര്‍ജനിക്കുന്നതാണ് പരമ്പരയുടെ വിഷയം. ജൂണ്‍ അഞ്ചിന് വള്ളക്കടവ് ജൈവവൈവിദ്ധ്യ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം നല്‍കും.

രണ്ട് തവണ ഐഎംഎ ഫാം ജര്‍ണലിസം, റോഡ് സുരക്ഷ, കൈരളി സുഹൃദ് വേദി, തലശേരി മര്‍ച്ചന്റ്‌സ് ചേമ്പര്‍ എന്നിവയുടെ അവാര്‍ഡുകളും മോഹന്‍രാജിനു ലഭിച്ചിരുന്നു. 

1998ല്‍ കേരളകൗമുദിയില്‍ ലേഖകനായി ചേര്‍ന്ന മോഹന്‍രാജ് തയ്യാറാക്കിയ അന്വേഷണാത്മക പരമ്പരകളും റിപ്പോര്‍ട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. തലശേരി പൊന്ന്യം ലക്ഷ്മിപ്രഭയില്‍ റിട്ട. ഡപ്യൂട്ടി കളക്ടര്‍ പരേതനായ പി.സി.ബാലകൃഷ്ണന്‍ നായരുടെയും ഒ.സി.നാരായണിക്കുട്ടിയുടെയും മകനാണ്. തലശേരിക്കടുത്ത് പിണറായിയില്‍ താമസിക്കുന്നു. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ഷീജ ഭാര്യയും പ്ലസ് ടു കഴിഞ്ഞ ഗൗതം കൃഷ്ണ മകനുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.