അഴിയൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് ; സംഘര്‍ഷം കണക്കിലെടുത്ത് വന്‍ സുരക്ഷ

Friday 1 June 2018 8:53 pm IST

 

മാഹി: അഴിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഴിയൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തില്‍ വെച്ചാണ് വോട്ടെടുപ്പ്. രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. നിലവില്‍ 2800 വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞടുപ്പില്‍ ബാങ്ക് നല്‍കിയ ഐഡന്റിറ്റി കാര്‍ഡിനുപുറമെ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡികാര്‍ഡ്, പാസ്‌പ്പോര്‍ട്ട് എന്നിവയും കൂടി ഉപയോഗിക്കാമെന്ന് വോട്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം, ജനതാദള്‍ എസ്, സിപിഐ എന്നിവര്‍ നേതൃത്വംനല്‍കുന്ന ഇടത് മുന്നണിയും, എം.വി.വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയും തമ്മിലാണ് മത്സരം. സിപിഎം ജില്ല നേതൃത്വവും ലോക് താന്ത്രിക് ജനതാദളും തമ്മില്‍ നിരവധി തവണ നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണയുണ്ടാകാതിരുന്നതിനാലാണ് മത്സരത്തിന് കളമൊരുങ്ങിയത്. സോഷ്യലിസ്റ്റുകളുടെ കയ്യിലുള്ള ബാങ്ക് പിടിച്ചെടുക്കാനുള്ള സിപി എമ്മിന്റെ ഗൂഡ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് ലോക് താന്ത്രിക് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ സിപിഎമ്മിനെ രണ്ടു സീറ്റില്‍ ഒതുക്കാനുള്ള ലോക് താന്ത്രിക് ജനതാദളിന്റെ നീക്കമാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്ന് എല്‍ഡിഎഫ് നേതൃത്വവും വ്യക്തമാക്കി. സിപിഎം ഒഞ്ചിയം ഏറിയ കമ്മിറ്റി അംഗം പി.ശ്രീധരനും, ജനതാദള്‍ എസ് നേതാവും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ. പി. പ്രമോദ് ഇടതുപാനലിലും, അഴിയൂര്‍ പഞ്ചായത്തംഗവും, ലോക് താന്ത്രിക് ജനതാദള്‍ വടകര നിയോജകമണ്ഡലം സെക്രട്ടറിയുമായ വി.പി.ജയന്‍  പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ടി കെ അനില്‍കുമാര്‍ തുടങ്ങിയവരുമാണ് സഹകരണ ജനാധിപത്യ മുന്നണി പാനലിലുമായി മത്സരിക്കുന്ന പ്രമുഖര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന സ്‌കൂളിനു ചുറ്റും പോലിസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യുഡിഎഫ് മുന്നണി വിട്ട് ഇടതു ക്യാമ്പിലെത്തിയ വീരന്‍ പക്ഷത്തിന് അഭിമാനകരമായ പോരാട്ടമാണ് അഴിയൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.