സ്‌കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി തളിപ്പറമ്പന് ടാഗോര്‍ വിദ്യാനികേതനില്‍ പ്രവേശനോത്സവ നാളില്‍ പ്രവേശന സമരം

Friday 1 June 2018 8:53 pm IST

 

തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി. പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്‌കൂളില്‍ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നു ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിക്കും തിരക്കും മൂലം പ്രവേശനം നടത്താനാകാതെ വരുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍, അപേക്ഷിക്കുന്ന എല്ലാവരെയും ചേര്‍ക്കണമെന്നാണു നിയമം. എന്നാല്‍ ടാഗോറില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നല്‍കിയത്. ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ടാഗോറില്‍ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്. ടാഗോറില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി വിദ്യാര്‍ഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നിയമക്കുരുക്ക് മുറുകിയതോടെ അഞ്ചാം ക്ലാസില്ലാതെയാണ് ഇന്നലെ സ്‌കൂള്‍ തുറന്നത്.

അതേസമയം അധ്യയന വര്‍ഷത്തിന്റെ ആരംഭ ദിനമായ ഇന്നലെ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളില്‍ പ്രവേശനോത്സവം ആഘോഷമായി കൊണ്ടാടിയപ്പോള്‍ ടാഗോര്‍ വിദ്യാനികേതനില്‍ പ്രവേശന സമരമാണ് നടന്നത്. സംസ്ഥാനത്തെ ഏക സ്‌പെഷല്‍ സ്‌കൂളായ ടാഗോര്‍ വിദ്യാനികേതനില്‍ അമ്പതോളം വിദ്യാര്‍ത്ഥികളാണ് പ്രവേശന സമരം നടത്തിയത്. 

അഞ്ച്, എട്ട് ക്ലാസുകളില്‍ അപേക്ഷ നല്‍കി പ്രവേശനത്തിന് കാത്തിരിക്കുന്ന കുട്ടികള്‍ ഇന്നലെ രാവിലെ പ്ലക്കാര്‍ഡുകളുമായി സ്‌കൂളിലെത്തി സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.