പിവിസി ഫ്‌ളക്‌സ് ഒഴിവാക്കല്‍ സംയുക്ത പ്രഖ്യാപനം ജൂണ്‍ 5 മുതല്‍ പ്രചാരണങ്ങള്‍ക്ക് തുണി ഉപയോഗിക്കും

Friday 1 June 2018 8:54 pm IST

 

കണ്ണൂര്‍: ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി പിവിസി ഫ്‌ളക്‌സ് ഒഴിവാക്കല്‍ പ്രഖ്യാപനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ജില്ലാതല പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നടത്തിയത്. പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പിവിസി ഫ്‌ളക്‌സിന് പകരമായി തുണിയുള്‍പ്പടെയുള്ള പ്രകൃതി സൗഹൃദ ബാനറുകള്‍ മാത്രം ഉപയോഗിക്കുമെന്നും എല്ലാ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുമെന്നും സംയുക്ത പ്രഖ്യാപനത്തില്‍ തീരുമാനിച്ചു. റിസൈക്കിള്‍ സാധ്യമല്ലാത്ത മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉല്‍പാദനവും ഉപയോവും പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ 2016 മാര്‍ച്ച് 18 ന് നിലവില്‍ വന്ന പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് റൂളില്‍ വ്യക്തമാക്കിയിരുന്നു. 

ഈ നിയമ പ്രകാരം 2018 മാര്‍ച്ച് 18 നുള്ളില്‍ പിവിസി ഫ്‌ളക്‌സിന്റെ ഉപയോഗവും ഉല്‍പാദനവും അവസാനിപ്പിക്കണം. ബാനറുകള്‍ക്കും ഹോര്‍ഡിങ്ങിനായും ഉപയോഗിച്ച് വരുന്ന പിവിസി നിര്‍മ്മിത ഫ്‌ളക്‌സിന്റെ ഉപയോഗവും ഉല്‍പാദനവും നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ 2016 ഡിസംബര്‍ 22 ന് വിധി പുറപ്പെടുവിച്ചിരുന്നു. പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് 2016 നിയമത്തിലെ റൂള്‍ 8 (ബി) പ്രകാരം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ച് മാലിന്യത്തിന്റെ അളവ് കുറക്കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. 

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കും. ഫഌക്‌സ് ഒഴിവാക്കുന്നതായുള്ള നിര്‍ദ്ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും താഴേത്തട്ടിലേക്ക് എത്തിക്കണം. ജൂണ്‍ അഞ്ചിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടേത് ഉള്‍പ്പെടെയുള്ള ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യും. മാലിന്യമില്ലാത്ത കണ്ണൂര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആദ്യഘട്ടമെന്ന നിലയില്‍ 2017 ഏപ്രില്‍ 2 മുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും നിരോധിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, കളക്റ്റര്‍ മീര്‍ മുഹമ്മദ് അലി, കെ.രാധാകൃഷ്ണന്‍ (ബിജെപി), പി.വി ഗോപിനാഥ് (സിപിഐഎം), പൊന്നമ്പത്ത് ചന്ദ്രന്‍ (ഐഎന്‍സി) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.