ഫ്‌ളക്‌സ് നിരോധനം: നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം

Friday 1 June 2018 8:54 pm IST

 

കണ്ണൂര്‍: റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫ്‌ളക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. രാഷ്ട്രീയപ്പാര്‍ട്ടികളുള്‍പ്പടെയുള്ള സംഘടനകള്‍ ഹാനികരമായ ഫ്‌ളക്‌സിന്റെ ഉപയോഗം നിയന്ത്രിക്കുമെന്ന് നിരവധി തവണ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് പൂര്‍ണ്ണമായും പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ഫ്‌ളക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ പിവിസി ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കും. പകരം റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതോ തുണിയിലുള്ളതോ ആയ പ്രചാരണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളു.

താഴെത്തട്ടില്‍ പദ്ധതിയുടെ പ്രധാന്യമെത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും. അതോടൊപ്പം തന്നെ ഫ്‌ളക്‌സുകള്‍ ഉപയോഗിച്ച് പ്രിന്റിംഗ് നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കും. ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് കര്‍ശന നടപടിയുണ്ടാകും. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്ക് പകരം ജൂണ്‍ 5 മുതല്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ബോര്‍ഡുകള്‍ സ്ഥാപിക്കും. എന്നാല്‍ ഈ പദ്ധതി എത്രമാത്രം വിജയിപ്പിക്കാനാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഫള്ക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരം ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുകയെന്നതും ഒരു പരിധിവരെ അപ്രായോഗികമാണ്. 

നേരത്തെ രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് ഇലക്ട്രിക്ക് പോസ്റ്റുകളിലുള്‍പ്പെടെ പൊതുസ്ഥലത്തുള്ള പ്രചാരണ സാമഗ്രികള്‍ എടുത്ത് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയില്‍ പല പാര്‍ട്ടി ഗ്രാമങ്ങളിലും പോലീസിന് ഇത് സാധിച്ചിരുന്നില്ല. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് പോലീസിന് പൊതുസ്ഥലങ്ങളിലെ ചുമരെഴുത്തുകള്‍ നീക്കാന്‍ സാധിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത്തരം ഭയപ്പാടുകളുണ്ടാക്കുന്ന ബോര്‍ഡുകള്‍ നീക്കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവുകളെ പൂര്‍ണ്ണമായും വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിക്കേറ്റവരുടെ ബോര്‍ഡുകള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സിപിഎം ഇതിനോട് പ്രതികരിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുമെന്ന് പറയുമ്പോഴും ഇതേ ആശങ്കതന്നെയാണ് നിലനില്‍ക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.