മാതമംഗലം ഇലട്രിക് ഓഫീസില്‍ക്കയറി അക്രമം; ജീവനക്കാരന് പരിക്ക്

Friday 1 June 2018 8:55 pm IST

 

പിലാത്തറ: മാതമംഗലം ഇലട്രിക് ഓഫീസില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ച് കയറി അക്രമം നടത്തി സാധന സാമഗ്രികള്‍ നശിപ്പിച്ചു. അക്രമത്തില്‍ പരിക്കേറ്റ താല്ക്കാലിക ജീവനക്കാരന്‍ പേരൂലിലെ കെ.പി.സൂരജിനെ (20) പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സംഭവം. പാണപ്പുഴ ആലക്കാട് ഭാഗത്തു നിന്നുള്ള സംഘം അസഭ്യം പറഞ്ഞുകൊണ്ട് ഓഫീസില്‍ അതിക്രമിച്ച് കയറി ഫോണ്‍, ജനല്‍ ഗ്ലാസ്സുകള്‍, മേശ എന്നിവ അടിച്ച് തകര്‍ക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഇവര്‍ പിന്‍തിരിഞ്ഞ് പോയി. പെരിങ്ങോത്ത് നിന്നെത്തിയ പോലീസ് സംഘം മുര്‍ഷിദ്, മുബഷീര്‍, ജംഷീര്‍ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. അസി.എഞ്ചിനീയറുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസ്സെടുത്തു.

 വൈദ്യുതി മുടക്കത്തിന്റെ പേരില്‍ ഇവിടെ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്. ഒരു മാസം മുമ്പെ ഒരു സംഘം രാത്രിയില്‍ വന്ന് ജീവനക്കാരെ മണിക്കുകളോളം തടഞ്ഞ് വെക്കുകയും അസഭ്യം വിളിച്ച് ബഹളം വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഓഫീസില്‍ നിന്ന് ഇറങ്ങവെ സബ്ബ് എഞ്ചിനീയര്‍ വി.പി.മണിരാജിന് (37) ഒരു സംഘം മര്‍ദ്ദിച്ചു. മാതമംഗലം ഇലട്രിക് സെക്ഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വൈദ്യുതി മുടങ്ങുന്നു എന്ന ആരോപണത്തിലാണ് പ്രശ്‌നം രൂക്ഷമാകുന്നത്. പൊതുവായ വൈദ്യുതി തടസ്സത്തെ ഒരു സംഘമാളുകള്‍ മാതമംഗലം ഓഫിസിന് നേരെയുള്ള ആക്ഷേപമായി തിരിച്ചുവിടുന്നതായി ജീവനക്കാര്‍ പറയുന്നു. നിരവധി മലയോര ഗ്രാമങ്ങള്‍ അടക്കം ദീര്‍ഘ ദൂരം ചുറ്റളവുള്ള പരിധിയായതിനാല്‍ ജീവനക്കാര്‍ക്കുള്ള പരിമിതിയും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.