തപാല്‍ വകുപ്പ് നീതിപാലിക്കുക: ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് (ബിഎംഎസ്)

Friday 1 June 2018 8:57 pm IST

 

കണ്ണൂര്‍: ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് നാലാം ദിവസം പിന്നിട്ടു. മൂന്നുലക്ഷത്തോളം വരുന്ന തപാല്‍ വകുപ്പിലെ അര്‍ദ്ധ പട്ടിണിക്കാരായ ജിഡിഎസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ആനുപാതികമായി പരിഷ്‌കരിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാവിധ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനും വേണ്ടി നിയുക്തമായ റിട്ട.തപാല്‍ ഉദ്യോഗസ്ഥനായ കമലേഷ് ചന്ദ്രയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പില്‍ വരുത്തുന്നതിന് കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

തപാല്‍ വകുപ്പിലെ മറ്റിതര തൊഴിലാളി സംഘടനകളായ എഫ്എന്‍പിഒ, എന്‍എഫ്പിഇ എന്നിവ പണിമുടക്കിനെ ഒറ്റിക്കൊടുക്കുകയും പറഞ്ഞ് പറ്റിച്ച് ജിഡിഎസ് ജീവനക്കാരെ പെരുവഴിയില്‍ ഇറക്കിവിടുകയും ചെയ്തതിനെ തുടര്‍ന്ന് ഭാരതീയ പോസ്റ്റല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തോട് മറ്റു യൂണിയനുകളില്‍പ്പെട്ട ഒട്ടനവധി ജീവനക്കാര്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.

മുഴുവന്‍ ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ദേശീയ സമരം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് ബിപിഇഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സമരത്തിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പില്‍ വരുത്തിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് യൂണിയന്‍ അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കി.

പണിമുടക്കിയ ജീവനക്കാര്‍ പ്രകടനവും വിശദീകരണയോഗവും നടത്തി. പയ്യാമ്പലത്തുള്ള കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് പരിസരത്ത് ചേര്‍ന്ന പ്രകടനത്തിലും പിന്നീട് നടന്ന പൊതുയോഗത്തിലും പി.കെ.സദാനന്ദന്‍ അധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.കെ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.വി.രമേശന്‍ സ്വാഗതവും പി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു. എസ്.ഹരീന്ദ്രന്‍, പി.വി.അശോകന്‍, കെ.സി.പ്രദീപന്‍, പി.ടി.രാജേന്ദ്രന്‍, കെ.സി.ബിനില്‍, കെ.രാജേഷ്, പി.വി.നിഷ, ടി.സി.പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.