പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം ആഘോഷമായി പ്രവേശനോത്സവം

Friday 1 June 2018 8:57 pm IST

 

കണ്ണൂര്‍: അറിവിന്റെയും കളിചിരികളുടെയും പുതുലോകം തുറന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിവിധ ആഘോഷങ്ങളോടെയാണ് പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു.

ചിലയിടങ്ങളില്‍ കുട്ടികളെ തൊപ്പിയണിയിച്ചും പുസ്തകങ്ങള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. തുടര്‍ന്ന് അക്ഷരവെളിച്ചം തെളിയിച്ച് കുരുന്നുകളെ ക്ലാസ് മുറികളിലെത്തിച്ച് മധുരമൂറുന്ന ഓര്‍മകള്‍ സമ്മാനിച്ചാണ് ചില സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നത്. നാടന്‍ കലാരൂപങ്ങളും താലപ്പൊലിയും ഘോഷയാത്രകളും വാദ്യാഘോഷങ്ങളും കൗതുകക്കാഴ്ചയായി. ഈ ഉത്സവകാഴ്ചക്ക് പിന്നാലെ പായസവും മിഠായികളും കൈനിറയെ സമ്മാനങ്ങളും കിട്ടിയതോടെ കുരുന്നുമുഖങ്ങളില്‍ സന്തോഷം നിറഞ്ഞു.

കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വേര്‍തിരിവില്ലാതെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ വരദാനമായ വായുവും വെള്ളവും വെളിച്ചവും പോലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിച്ച പൊതുവിദ്യാലയങ്ങളിലൊന്ന് എന്ന നിലയിലാണ് ജില്ലാതല പ്രവേശനോല്‍സവത്തിനായി കുഞ്ഞിമംഗലം സ്‌കൂള്‍ തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.വി.രാജേഷ് എംഎല്‍എ പറഞ്ഞു. 

ആണ്ടാംകൊവ്വലില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് പ്രവേശനോത്സവച്ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീതശില്‍പ്പവും അരങ്ങേറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പ്രവേശോനോത്സവ സന്ദേശം നല്‍കി. ഫുട്‌ബോള്‍ താരം സി.കെ.വിനീത്, സിനിമാ-സീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനെ അടിസ്ഥാനമാക്കി ചോദിച്ച ചോദ്യത്തിനു ശരിയുത്തരം നല്‍കിയ വിദ്യാര്‍ത്ഥിക്ക് സി.കെ.വിനീത് സമ്മാനമായി ഫുട്‌ബോള്‍ നല്‍കി. സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍.അജിത, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.യു.രമേശന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.ആര്‍.അശോകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.രതീഷ് കാളിയാടന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഐ.വത്സല സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.സുബ്രഹ്മണ്യം നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.