പ്രവേശനോല്‍സവം; സമ്മാനങ്ങളുമായി നാട്ടുകാരും സംഘടനകളും

Friday 1 June 2018 8:58 pm IST

 

പിലാത്തറ: കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം നാടിന്റെ ഉത്സവമായി. പുത്തനുടുപ്പും ബാഗുമേന്തി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമേ നാട്ടുകാരും എത്തിയപ്പോള്‍ സ്‌കൂള്‍മുറ്റം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷത്തിലാവുകയായിരുന്നു. രാവിലെ 9.30 ന് ആണ്ടാംകൊവ്വലില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താകള്‍ക്കുമൊപ്പം നിരവധി നാട്ടുകാരും പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത രക്ഷിതാക്കള്‍ക്ക് കുഞ്ഞിമംഗലം ചിന്ത സാംസ്‌കാരികവേദി ഉപഹാരം നല്‍കി. 

രക്ഷിതാക്കളുടെ കൈപിടിച്ച് വിദ്യാലയത്തിലെത്തിയ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും സൗജന്യമായി നല്‍കി വിവിധ സംഘടനകളും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. ഒന്നാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് മഷിപ്പേനകളാണ് സൗജന്യമായി നല്‍കിയത്. കൈരളി കുഞ്ഞിമംഗലം കുട്ടികള്‍ക്ക് കുട നല്‍കിയപ്പോള്‍ ഫ്രണ്ട്‌സ് കുണ്ടംകുളങ്ങര സ്റ്റീല്‍ കുടിവെള്ള ജാറും സമ്മാനിച്ചു. വിവിധ സംഘടനകള്‍ കുട്ടികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും, കുമാര്‍ കുഞ്ഞിമംഗലം സ്റ്റീല്‍ വാട്ടര്‍ബോട്ടിലും സമ്മാനിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.