അങ്ങനെ അവരെയും നമ്മള്‍ അംഗീകരിക്കുന്നു

Saturday 2 June 2018 2:13 am IST

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഭാരതത്തിന്റെ ചരിത്രപുരുഷന്‍മാരുടെ വിവരങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനം വൈകിയാണെങ്കിലും ഉചിതമായി. വൈകിയാണെങ്കിലും അവരെ നമ്മള്‍ അംഗീകരിക്കുകയാണല്ലോ. കടന്നു പോയ കുറെ ഏറെ തലമുറകള്‍ ഇതൊന്നും അറിയാതെ വൈദേശികമായ കാര്യങ്ങള്‍ മാതം പഠിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. മെക്കാളെ പ്രഭുവിന്റെ ഉപദേശപ്രകാരം ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഠന പദ്ധതി ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ചരിത്ര പുരുഷന്‍മാരില്‍ നിന്നും നമ്മേ അകറ്റാനാണു ലക്ഷ്യം വെച്ചത്. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ അതു തുടര്‍ന്നു. ഒരു സംസ്‌കാരത്തെ നശിപ്പിക്കാന്‍ അവരുടെ ഭാഷയില്‍ നിന്ന് ജനതയെ അകറ്റിയാല്‍ മതി എന്നു പറയാറുണ്ട്. ബ്രിട്ടീഷുകാരും അവര്‍ക്കു ശേഷം നമ്മെ ഭരിച്ചവരും അതു തന്നെയാണു ചെയ്തു പോന്നത്. മാതൃഭാഷ പോലും മറന്ന ചില ജനത ഇന്നു ഭാരതത്തിലുണ്ട്. അതോടെ അരുടെ തനതു സംസ്‌കാരവും നാമാവശേഷമായി. അതിലേയ്‌ക്കൊന്നും ഒരു തിരിച്ചു പോക്ക് ഇനി സാധ്യമല്ലായിരിക്കാം. പക്ഷേ. നഷ്ടപ്പെടാത്തതിനെ നിലനിര്‍ത്താന്‍ ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ സഹായിക്കും. 

 -കേശവദാസ്, ചെങ്ങന്നൂര്‍

ഭീകരതയ്ക്കു ബംഗാളില്‍ പുതിയ മുഖം

ഇസ്ലാമിക ഭീകരതയും മാവോയിസ്റ്റ് ഭീകരതയും കേട്ടു പഴകിയതാണ്. അതിനിടെ ചുവപ്പു ഭീകരതയും വന്നു കയറി. ഇപ്പോഴിതാ തൃണമൂല്‍ ഭീകരത അവതരിക്കുന്നു. ബംഗാളിലാണ് അതിന്റെ കളരിയും അരങ്ങേറ്റ വേദിയും. സിപിഎമ്മിന്റെ ചുവപ്പു ഭീകരതയ്‌ക്കെതിരെ പടപൊരുതി ജയിച്ച തൃണമൂല്‍ ഇന്നു സ്വയം ഭീകരരായി അവതരിച്ചിരിക്കുന്നു. ഗത്യന്തരമില്ലാതെ സിപിഎം മാളത്തിലൊളിച്ചു. ഇപ്പോള്‍ പുതു ശക്തിയായി ഉയര്‍ന്നു വരുന്ന ബിജെപിയാണല്ലോ അവരുടെ ഇര. ദേശത്തെ സ്‌നേഹിക്കുന്ന ബിജെപി എന്ന പാര്‍ട്ടിക്ക് ഏതൊക്കെ രൂപത്തിലാണ് ശത്രുക്കള്‍ ഉടലെടുക്കുന്നത്! തങ്ങളെ വെല്ലുവിളിക്കാനും തോല്‍പ്പിക്കാനും ഒരുങ്ങുന്നവരെ ഉന്മൂലനം ചെയ്യുന്ന കമ്യൂണിസ്റ്റ് ശൈലിതന്നെയാണല്ലോ അവരും കടമെടുക്കുന്നത്. അതിന്റെ ഏറ്റവും ഭീകരവും പൈശാചികവുമായ മുഖമാണ് കഴിഞ്ഞ ദിവസം ബംഗാളില്‍ കണ്ടത്. ബിജെപിക്കാരനായിപ്പോയി എന്നതുകൊണ്ട് ഒരു ചെറുപ്പക്കാരനെ കൊന്നു കെട്ടിത്തൂക്കിയ ബീഭത്സമായ രംഗം. ഇവിടെ രാഷ്ട്രീയം എങ്ങോട്ടാണു പോകുന്നത് എന്നു  ചിന്തിക്കുമ്പോള്‍ത്തന്നെ ഭീകരതയുടെ മുഖമാണു മുന്നില്‍ തെളിയുന്നത്.

-കാര്‍ത്തികേയന്‍, കോഴിക്കോട്

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നവരാകുന്നു?

സര്‍ക്കാര്‍ ജീവനക്കാരും, മറ്റിതര സര്‍ക്കാര്‍ ജീവനക്കാരും നിഷ്പക്ഷമായി സേവനം അനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇന്ന് അവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വാലാട്ടികളെപ്പോലെ തെരുവില്‍ ഇറങ്ങി സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിക്കുന്നു. ജനങ്ങള്‍ നിയോഗിച്ച സര്‍ക്കാരുകള്‍ അവരുടെ അടിസ്ഥാന ധര്‍മ്മം മറന്ന് നിഷ്‌ക്രിയരായി ഉറങ്ങുന്നു. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുപരിഗണനയും അര്‍ഹിക്കുന്നില്ല, അവര്‍ ആരായാലും പിറ്റേദിവസം ഔദ്യോഗികസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ല. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ്. ഇക്കൂട്ടരെ പുറത്താക്കേണ്ടതാണ്. ജനങ്ങളുടെ ആഫീസുകളിലും, സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് ജനങ്ങള്‍ക്കോ, സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ അവകാശമില്ല. സമരം ചെയ്താല്‍ സ്ഥാനം പടിക്ക് പുറത്തായിരിക്കണം. ജനസേവനത്തിനു നിയോഗിച്ചിരിക്കുന്ന സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യമാണ് ഇത്തരം സമരങ്ങള്‍ ഒഴിവാക്കുകയെന്നത്.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍,  കോടതികള്‍ മുതലായവരുടെ അടിയന്തര ശ്രദ്ധ ഇതില്‍ പതിയേണ്ടതാണ്.

-വിജയകുമാര്‍, തിരുവനന്തപുരം.

വോട്ടിംഗ് മെഷീന്‍

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ജയിച്ചു. വോട്ടിംഗ് മെഷീന്‍ അത്ര മോശപ്പെട്ട സാധനമാണെന്നാര്, എപ്പോ പറഞ്ഞു?

- കെ എ സോളമന്‍, എസ്.എല്‍.പുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.