കെവിന്‍ വധം: മുഖ്യപ്രതി സ്ഥലംമാറ്റിയ എസ്പിയുടെ ബന്ധുവെന്ന്

Saturday 2 June 2018 2:15 am IST
കെവിനെ കാണാതായ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കെവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനോട് അന്വേഷിച്ചു.

കോട്ടയം: കെവിന്റെ കൊലപാതകം സംബന്ധിച്ച് കോട്ടയം എസ്പിയായിരുന്ന വി.എം. മുഹമ്മദ് റഫീഖിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു.  മുഖ്യപ്രതി ഷാനുവിന്റ അമ്മ രഹ്‌നയുടെ ബന്ധുവാണ് മുഹമ്മദ് റഫീഖെന്നാണ്  ആരോപണം.  ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിലാണ് റഫീഖിന്റെ പേരില്‍ ആരോപണം ഉന്നയിച്ചത്.കേസില്‍  രഹ്‌നയും പ്രതിയാണ്. . ഇവര്‍ ഒളിവിലാണ്. എന്നാല്‍ ഷാനുവിന്റെ ബന്ധുക്കളുമായി ഒരു ബന്ധവും ഇല്ലെന്നാണ് മുഹമ്മദ് റഫീഖ് പറയുന്നത്.

കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് മുഹമ്മദ് റഫീഖ് തന്നെയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് റഫീഖിനെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. 

കെവിനെ കാണാതായ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.  കെവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനോട് അന്വേഷിച്ചു. സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ ഇതിനുശേഷം വൈകുന്നേരമാണ് സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് എസ്പി നിര്‍ദ്ദേശിച്ചത്. കേസില്‍ എസ്പിയെ നേരത്തെ തന്നെ സ്ഥലംമാറ്റി. 

എഎസ്‌ഐയുടെ വെളിപ്പെടുത്തലോടെ കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് ഓരോന്നായി പുറത്ത് വരുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിക്കാതെയിരുന്ന ഗാന്ധിനഗര്‍ എസ്‌ഐ എം.ഷിബുവും സസ്‌പെന്‍ഷനിലാണ്. ഇയാളെയും കേസില്‍ പ്രതി ചേര്‍ക്കുന്നത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. കുറ്റം അറിഞ്ഞിട്ടും മറച്ചു വച്ചെന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ ചവിട്ടിക്കൊല കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കെവിന്‍ കൊലപാതകത്തിലെ പോലീസിന്റെ പങ്ക് പുറത്തായത് സേനയ്ക്കാകെ നാണക്കേടായിരിക്കുകയാണ്. ക്വട്ടേഷന്‍, പോലീസ് കൂട്ടുകെട്ടാണ് കെവിന്റെ വധത്തിലേക്ക് നയിച്ചതെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.