പോസ്റ്റല്‍ സമരം: പണമടയ്ക്കാന്‍ കഴിയാതെ മഹിളാപ്രധാന്‍ ഏജന്റുമാര്‍

Saturday 2 June 2018 2:16 am IST

കോട്ടയം: പോസ്റ്റല്‍ സമരം മഹിളാ പ്രധാന ഏജന്റുമാര്‍ക്ക് ഇരുട്ടടിയായി. സമരം മൂലം പണം അടയ്ക്കാനാവാതെ വന്ന ഇവര്‍ ഇന്നലെ പണം അടയ്ക്കാനെത്തിയപ്പോഴാണ് വെട്ടിലായെന്ന് മനസ്സിലായത്. 

പോസ്റ്റല്‍ ജീവനക്കാര്‍ രാജ്യത്താകമാനം  ഒരാഴ്ചയോളം പണിമുടക്കി.   എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റല്‍  ജീവനക്കാരുടെ സേവന വേതനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആയിരുന്നു കാരണം. ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികളുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് വ്യാഴാഴ്ച സമരം പിന്‍വലിക്കുകയും ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതറിഞ്ഞ് ഇന്നലെ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച പണം പോസ്റ്റ് ഓഫീസില്‍ അടയ്ക്കാനായി എത്തി. ഇവര്‍ അടയ്ക്കാനുള്ള പണവും പാസ്ബുക്കുകളും നല്‍കിയപ്പോള്‍ സമയപരിധി കഴിഞ്ഞു പോയെന്നും പിഴകൂടി അടച്ചാല്‍ മാത്രമേ പണം സ്വീകരിക്കൂ എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. 

ജീവനക്കാര്‍ സമരം നടത്തിയത് തങ്ങളുടെ കുറ്റമല്ലെന്നും സമരം തീര്‍ന്നയുടന്‍ പണമടയ്ക്കാനെത്തിയതാണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നിലവിലുള്ള നിയമം അനുസരിച്ച് പണം അടയ്ക്കണമെങ്കില്‍ പിഴ നല്‍കണമെന്നും പിന്നീട് ഇത് തിരികെ നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്താമെന്നുമായിരുന്നു മറുപടി. 

അഞ്ച് മാസംവരെ കുടിശ്ശിക ഉള്ളവരുടെ പണവും ഇവര്‍ സ്വരൂപിച്ച് കൊണ്ടുവന്നിരുന്നു. ഇത് അടയ്ക്കാനാകാതെ വന്നാല്‍ ഇവരുടെ അക്കൗണ്ട് തന്നെ ഇല്ലാതാകും. ഇക്കാര്യം അക്കൗണ്ട് ഉടമകളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും എന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. 

പോസ്റ്റല്‍ ജീവനക്കാരുടെ പണിമുടക്കില്‍ കേരളത്തില്‍ മാത്രം ക്ലറിക്കല്‍ ജീവനക്കാര്‍ കൂടി പങ്കെടുത്തിരുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായത്. 30 ലക്ഷം മുതല്‍ ഒരു കോടിയോളം വരെ രൂപയുമായാണ് മഹിളാ പ്രധാന്‍ ഏജന്റുമാര്‍ ഇന്നലെ രാവിലെ കോട്ടയം ഹെഡ്‌പോസ്‌റ്റോഫീസില്‍ എത്തിയത്. കോട്ടയത്ത് മാത്രം 1200 ഓളം ഏജന്റുമാരാണ് ഉള്ളത്. കേരളത്തില്‍ 20000 ത്തോളം പേരും വരും. 32 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.