വര്‍ഗീയത ആളിക്കത്തിയപ്പോള്‍ മദ്യവിരുദ്ധനയം കൈവിട്ടു

Saturday 2 June 2018 2:17 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപ്രസക്തമായത് കെസിബിസി മദ്യവിരുദ്ധ സമിതി. ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചെങ്ങന്നൂരില്‍ കാണിച്ചു തരാമെന്നാണ് കെസിബിസി നേതാക്കളും ബിഷപ്പുമാരും വെല്ലുവിളിച്ചത്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടതുസ്ഥാനാര്‍ത്ഥി ജയിച്ചതോടെ കെസിബിസിയുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടു. 

ഒന്നുകില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും, ജനം സര്‍ക്കാരിന്റെ മദ്യനയത്തിനൊപ്പമായിരുന്നു എന്ന് തുറന്നു പറയണം, അല്ലാത്ത പക്ഷം മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെ ഒറ്റു കൊടുത്ത് ഇടതു സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ പിന്തുണച്ചെന്ന് പറയാനുളള ആര്‍ജവം കെസിബിസി കാട്ടണമെന്നാണ് ആവശ്യം. വര്‍ഗീയത ആളിക്കത്തിച്ചുള്ള സിപിഎം പ്രചരണത്തില്‍ മദ്യവിരുദ്ധ സമീപനമൊക്കെ കെസിബിസി വിസ്മരിച്ചെന്നാണ് ആക്ഷേപം. 

ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ  തുറന്ന പ്രഖ്യാപനവുമായി കത്തോലിക്ക സഭ രംഗത്തു വന്നിരുന്നു. കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലും മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. 

ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ്സ് പ്രകടമാക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന്റെ തുടര്‍ച്ചയായി ചെങ്ങന്നൂരില്‍ മദ്യവിരുദ്ധ സമിതി പ്രത്യേക കണ്‍വന്‍ഷന്‍ വിളിക്കുകയും, പ്രചാരണ ജാഥ നടത്തുകയും ചെയ്തു. 

എന്നാല്‍ മദ്യനയത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ പോലും ഇടതുപക്ഷത്തിന് വന്‍ മേധാവിത്വം. മദ്യനയം പോലയുളള വിഷയങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്നും ചെങ്ങന്നൂരില്‍ ചര്‍ച്ച ചെയ്തത് രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമാണെന്നുമാണ് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഇപ്പോള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.