ജമ്മുവില്‍ കനത്ത ജാഗ്രത; നുഴഞ്ഞ് കയറിയത് 20 ഭീകരര്‍

Saturday 2 June 2018 2:23 am IST

ശ്രീനഗര്‍: ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ഇരുപതോളം ഭീകരരാണ് നിയന്ത്രണ രേഖയ്ക്കടുത്ത് കശ്മീരില്‍ നുഴഞ്ഞുകയറിയെന്ന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. 

ഇസ്ലാമിലെ ആദ്യയുദ്ധമായ ബദര്‍ നടന്നത് മാര്‍ച്ച് 624 എഡിയിലാണ്. ഇതിന്റെ വാര്‍ഷികമാണ് റംസാന്‍ 17-ാം ദിനമായ ഇന്ന്. ഈ ദിവസം ആക്രമണം നടത്താനുള്ള ഉദ്ദേശത്തിലാകാം സംഘം നുഴഞ്ഞു കയറിയിരിക്കുന്നതെന്ന് സൈന്യം കരുതുന്നു. ആക്രമണ സാധ്യത മുന്‍നിര്‍ത്തി ദല്‍ഹിയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷവും ബദര്‍ വാര്‍ഷികത്തിന് ഭീകരര്‍ കശ്മീരില്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ക്കെല്ലാം പുറകില്‍ ജയ്‌ഷെ ഭീകരസംഘടനയാണ്. പല സംഘങ്ങളായി തിരിഞ്ഞ് കശ്മീര്‍ താഴ്‌വരയുടെ പല ഭാഗങ്ങളില്‍ ആക്രമണം നടത്താനാണ് സാധ്യതയെന്നും സൈന്യം വിലയിരുത്തുന്നു. 

അതേസമയം ഇന്നലെ രാവിലെ സൈന്യം സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടുന്ന മൂന്നു ബാഗുകള്‍ പുല്‍വാമയില്‍ നിന്നും കണ്ടെത്തി. കൂടാതെ സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. 

ഈ ആഴ്ച ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ കഴിഞ്ഞ ഞായറാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ കോക്‌പോറയില്‍ നടന്ന ആക്രമണത്തില്‍ ഒരു സൈനികനും സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. റംസാന്‍ പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. 2003ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഈ സമയത്ത് ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറാന്‍ പാടില്ലെന്നാണ് ചട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.