മന്ത്രിമാരില്‍ തീര്‍പ്പായില്ല; വകുപ്പുകള്‍ ജെഡിഎസിന് അടിയറവ് വച്ച് കോണ്‍ഗ്രസ്

Saturday 2 June 2018 2:30 am IST

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭ രൂപീകരണത്തില്‍ വകുപ്പ് വിഭജനം ജെഡിഎസിന് അടിയറവ് വച്ച് കോണ്‍ഗ്രസ്. പ്രധാന വകുപ്പുകളില്‍ ഭൂരിഭാഗവും ജെഡിഎസ്സിന്. കോണ്‍ഗ്രസ്സിന്റെ ഒരു ആവശ്യവും ജെഡിഎസ് അംഗീകരിച്ചില്ല. വകുപ്പുകള്‍ വീതം വയ്ക്കുന്നതില്‍ ധാരണയായെങ്കിലും മന്ത്രിമാരെ നിശ്ചയിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. 

ജെഡിഎസ്-ധനകാര്യം, എക്‌സൈസ്, ഇന്‍ഫര്‍മേഷന്‍/ഇന്റലിജന്‍സ്, ഊര്‍ജം, ടൂറിസം, കോര്‍പ്പറേഷന്‍, പ്രൈമറി വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഫിഷറീസ്, ഹോര്‍ട്ടികള്‍ച്ചര്‍, ചെറുകിട വ്യവസായം, ഗതാഗതം, മൈനര്‍ ഇറിഗേഷന്‍.

കോണ്‍ഗ്രസ്-ആഭ്യന്തരം, ഇറിഗേഷന്‍, ബെംഗളൂരു വികസനം, വ്യവസായം, റവന്യു, ഗ്രാമ വികസനം, നഗരവികസനം, കൃഷി, തൊഴില്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍, സാമൂഹ്യ സുരക്ഷ, വനം-പരിസ്ഥിതി, ജിയോളജി, വനിതാ-ശിശുക്ഷേമം, ഭക്ഷ്യ-സിവില്‍സപ്ലൈസ്, സയന്‍സ് ആന്റ് ടെക്‌നോളജി, യുവജനക്ഷേമം, തുറമുഖം, ഉള്‍നാടന്‍ വികസനം.

ധനം, ടൂറിസം, ഊര്‍ജ്ജം വകുപ്പിലായിരുന്നു പ്രധാന തര്‍ക്കം. ഒരു വകുപ്പും ജെഡിഎസ് വിട്ടു നല്‍കിയില്ല. ധനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ്. പഴയ സഖ്യസര്‍ക്കാരുകളില്‍ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഉപമുഖ്യമന്ത്രിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചെങ്കിലും വഴങ്ങാന്‍ മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറായില്ല. 

അവസാനം ധനം ജെഡിഎസ്സിന് നല്‍കി ഒത്തുതീര്‍പ്പിന് രാഹുല്‍ഗാന്ധി നിര്‍ബന്ധിതനായി. ഇന്നലെ രാവിലെ കെ.സി. വേണുഗോപാല്‍, ജി. പരമേശ്വര എന്നിവര്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി ചര്‍ച്ച നടത്തി അന്തിമ രൂപം നല്‍കി. വൈകിട്ട് ഇരുപാര്‍ട്ടികളും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വകുപ്പു വിഭജനം പ്രഖ്യാപിച്ചത്. 

ജെഡിഎസ്സിന് പ്രധാന വകുപ്പുകള്‍ ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കര്‍ണാടകത്തിലെ സഖ്യം രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നും വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാകുമെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത്. 

മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന ആവശ്യവും ജെഡിഎസ് അംഗീകരിച്ചില്ല. അഞ്ചുവര്‍ഷം കുമാരസ്വാമി തന്നെയാകും മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്  കോര്‍ഡിനേഷന്‍ കമ്മറ്റിയുണ്ടാകും. ഇതിന്റെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. കണ്‍വീനര്‍ സ്ഥാനം ജെഡിഎസ്സിനാണ്.

മന്ത്രിമാരെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ച് ജൂണ്‍ ആറിന് മന്ത്രിസഭ രൂപീകരണം പൂര്‍ത്തിയാക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.