ദേശീയപാത കീഴാറ്റൂര്‍ വഴിയാക്കിയതിന് പിന്നില്‍ വിഐപി ഇടപെടല്‍

Saturday 2 June 2018 2:29 am IST

കൊച്ചി: വയല്‍ക്കിളി സമരത്തോടെ ഏറെ വിവാദമായ തളിപ്പറമ്പ് വഴിയുള്ള ദേശീയപാതയുടെ അലൈന്‍മെന്റ് കീഴാറ്റൂര്‍ വഴിയാക്കിയത് വിഐപി ഇടപെടല്‍ മൂലം. കൃഷിഭൂമി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള റോഡ് വികസനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വ്യക്തമാക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ കത്ത് പുറത്തായി. പാപ്പിനിശ്ശേരി കീച്ചേരിക്കുന്ന് പി.വി. രഞ്ജിനിക്ക് നല്‍കിയ കത്തിലാണ് അലൈന്‍മെന്റ് കീഴാറ്റൂര്‍ വഴിയാക്കാന്‍ വിഐപി ഇടപെടലുണ്ടായെന്ന് വ്യക്തമാക്കുന്നത്. അലൈന്‍മെന്റ് മാറ്റാന്‍ നിരവധി നിവേദനങ്ങളോടൊപ്പം വിഐപി നിര്‍ദേശവുമുണ്ടെന്നാണ് എന്‍എച്ച്‌ഐയുടെ കത്തില്‍ പറയുന്നത്. കത്ത് പുറത്തായതോടെ, അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചത് ഇടത് ജനപ്രതിനിധികളാണെന്ന് ഉറപ്പായി. 

തളിപ്പറമ്പില്‍ നിലവിലുള്ള ദേശീയപാത 45 മീറ്ററായി വീതി കൂട്ടാന്‍ ആദ്യം പരിഗണിച്ചത് കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപ്പാസ് അലൈന്‍മെന്റായിരുന്നു. നിരവധി വീടുകള്‍ പൊളിക്കേണ്ടി വരുമെന്നതിനാല്‍ ഇത് വേണ്ടെന്ന് വെച്ചു. പകരം പൂക്കോത്ത് തെരുവടക്കം ഉള്‍പ്പെടുന്ന കുപ്പം-കൂവോട്-കുറ്റിക്കോല്‍ ബൈപ്പാസുണ്ടാക്കാനായിരുന്നു നിര്‍ദ്ദേശം. പിന്നീടാണ് വിഐപി ഇടപെടലിലൂടെ വയലുകള്‍ നിറഞ്ഞ കീഴാറ്റൂര്‍ വഴി അലൈന്‍മെന്റ് മാറ്റിയത്.   വിഐപി ഇടപെടലുമായി ബന്ധപ്പെട്ടുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്‍സള്‍ട്ടന്‍സിക്ക് കൈമാറി. കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ദേശീയ പാതാ അതോറിറ്റി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്.

ആദ്യ രണ്ട് അലൈന്‍മെന്റിനേക്കാളും കുറച്ചു വീടുകള്‍ മാത്രമേ കീഴാറ്റൂര്‍ വഴി ബൈപ്പാസുണ്ടാക്കിയാല്‍  പൊളിക്കേണ്ടി വരുമായിരുന്നുള്ളൂ. എന്നാല്‍ ഒരു ഗ്രാമത്തിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങള്‍ അവരുടെ പരിഗണനയില്‍ വന്നില്ല. തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നഷ്ടമാകുമെന്ന് കണ്‍സള്‍ട്ടന്‍സിയും ചിന്തിക്കേണ്ടിയിരുന്നു. വിഐപി ഇടപെടല്‍ അവരെയും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് ആരോപണമുയരുന്നത്. വയല്‍ നശിപ്പിക്കുന്ന അലൈന്‍മെന്റിനെതിരെ കീഴാറ്റൂരിലെ കര്‍ഷകര്‍ ഒന്നടങ്കം വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരത്തിനിറങ്ങി. അത് അടിച്ചമര്‍ത്താന്‍ സിപിഎമ്മും സര്‍ക്കാരും രംഗത്തിറങ്ങിയതോടെ വിഷയത്തില്‍ ഇടപെട്ട വിഐപി ആരെന്ന ചോദ്യം ബാക്കിയാവുകയാണ്.

വിഐപി ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: ബിജെപി പരിസ്ഥിതി സെല്‍

കൊച്ചി: കൃഷിഭൂമിയും വയലും നശിപ്പിച്ചുകൊണ്ട് കീഴാറ്റൂര്‍ വഴി  ബൈപ്പാസ് നിര്‍മ്മിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയ വിഐപി ആരാണെന്ന് ഇടത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി പരിസ്ഥിതി സെല്‍  കണ്‍വീനര്‍ ഡോ.സി.എം. ജോയിയും കോ-കണ്‍വീനര്‍ ഡോ.എന്‍.സി. ഇന്ദുചൂഡനും ആവശ്യപ്പെട്ടു. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കടകളുടെയും വീടുകളുടെയും നഷ്ടമൊന്നും ആരും നോക്കിയിട്ടില്ല.

 എന്നാല്‍, ചില സ്ഥാപിത താത്പര്യങ്ങള്‍ക്കായി കീഴാറ്റൂരിലെ വയലുകളും കൃഷിഭൂമിയും നശിപ്പിച്ച് ബൈപ്പാസ് നിര്‍മ്മിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിഐപി ആരെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.