കളി ആസ്വദിക്കുക, വിമര്‍ശകരെ അവഗണിക്കുക

Saturday 2 June 2018 2:37 am IST

ബ്യൂണസ് അയേഴ്‌സ്: മൂന്നു പതിറ്റാണ്ടിനു ശേഷം ലോകകപ്പ് ഫുട്‌ബോള്‍ കിരീടം എന്ന് വലിയ സ്വപ്‌ന സാക്ഷാത്കാരത്തിനാണ് ലയണല്‍ മെസിയും സംഘവും മോസ്‌കോയിലേക്ക് യാത്ര തിരിച്ചത്. 

അര്‍ജന്റീന എന്ന രാജ്യം മുഴുവന്‍ നെഞ്ചിലേറ്റുന്ന, 1986ല്‍ ഡീഗോ മറഡോണ മാജിക്കില്‍ സ്വന്തമാക്കിയതിനു ശേഷം അര്‍ജന്റീനയ്ക്ക് ലോകകിരീടം സ്വപ്‌നം മാത്രമാണ്. ലോകോത്തര താരം ലയണല്‍ മെസിക്കും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. മുപ്പതുകാരനായ മെസിയുടെ അവസാന ലോകകപ്പാവും റഷ്യയിലേത് എന്ന് ആരാധകര്‍ക്കും അറിയാം. 

എന്നാല്‍ അതോന്നും ഇപ്പോള്‍ മനസ്സില്‍ വേണ്ട എന്നാണ് മെസിക്ക് ഇതിഹാസ താരം മറഡോണ നല്‍കുന്ന ഉപദേശം. ഇപ്പോള്‍ കളിയെക്കുറിച്ചു മാത്രം ആലോചിക്കുക, അത് ആസ്വദിക്കുക, അര്‍ജന്റീനയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മറഡോണ പറഞ്ഞു.

വിമര്‍ശകരെക്കുറിച്ച് ആലോചിക്കുകയേ ചെയ്യരുത് എന്നാണ് എനിക്കു മെസിയോടു പറയാനുള്ളത്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. ലോകകപ്പു നേടാന്‍ കഴിയുമോ ഇല്ലയോ അന്നു പോലും ഇപ്പോള്‍ ചിന്തിക്കേണ്ട. കളിക്കുക,  ആസ്വദിച്ചു കളിക്കുക. 

കോച്ച് ജോര്‍ജ് സാംപൗലിയുടെ തന്ത്രങ്ങളെക്കുറിച്ച് അറിയില്ലെന്ന് മറഡോണ പറഞ്ഞു. പക്ഷേ, കളിക്കാരെ എനിക്കറിയാം. വിജയത്തിനായി അവര്‍ പരമാവധി നല്‍കുമെന്നും എനിക്കറിയാം. അര്‍ജന്റീന കപ്പു നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാല്‍ അവര്‍ ഫേവറിറ്റുകളാണെന്നു ഞാന്‍ പറയില്ല. കാരണം ഫേവറിറ്റുകള്‍ ഒരിക്കലും ലോകകപ്പു നേടിയില്ല, മറഡോണ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.