ധന്‍തേരാസ്‌ ഇന്ന്‌; ദീപാവലി വിഭവങ്ങളില്‍ 'കറാച്ചി ഹല്‍വ'യും

Saturday 10 November 2012 10:34 pm IST

കൊച്ചി: ദീപാവലി വിഭവങ്ങളില്‍ കൊച്ചിയില്‍ 'പാക്കിസ്ഥാനി ടച്ച്‌'. മധുരപലഹാരവിപണിയിലെ 'കറാച്ചി ഹല്‍വ'യാണ്‌ കൊച്ചിയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുന്നത്‌. വടക്കേയിന്ത്യയില്‍ ഏറെ പ്രിയമുള്ള സവിശേഷ കൂട്ടുകളുടെ മധുരപലഹാരമാണ്‌ 'കറാച്ചി ഹല്‍വ'. കേരളത്തിലെ വടക്കേയിന്ത്യന്‍ സമൂഹത്തിന്റെ സുപ്രധാന ആഘോഷമായ ദീപാവലി ഉത്സവവിഭാഗങ്ങളിലൊന്നായാണ്‌ കറാച്ചി ഹല്‍വ വീണ്ടും വിപണിയിലെത്തിയിരിക്കുന്നതെന്ന്‌ വ്യാപാരികള്‍ പറഞ്ഞു. ദീപങ്ങളുടെ ഉത്സവമായാണ്‌ ദീപാവലി കൊണ്ടാടുന്നതെങ്കിലും ആഹ്ലാദത്തിന്റെ നിറപകിട്ടും ആനന്ദത്തിന്റെ മധുരവുമായുള്ള ആഘോഷം കൂടിയാണിത്‌.
ദീപാവലി ആഘോഷത്തിന്‌ വരവേല്‍പ്പുമായി ഞായറാഴ്ച ധന്‍തേരാസ്‌ ദിനം ആഘോഷിക്കും. ദീപാവലി നാളിലെ ഐശ്വര്യ-ലക്ഷ്മി-സരസ്വതി ദേവതാ പൂജവേളയില്‍ മുഹൂര്‍ത്ത കച്ചവടത്തിനായി പണപ്പെട്ടിയില്‍ നിക്ഷേപിക്കുന്നതിനും ആഘോഷങ്ങള്‍ക്കുമായുള്ള സ്വര്‍ണവും വെള്ളിയും വൈര്യങ്ങളും വാങ്ങുന്ന മുഹൂര്‍ത്ത ദിനമാണ്‌ ധന്‍തേരാസ്‌. ഈ ദിനത്തില്‍ ഇന്ത്യയിലെ സ്വര്‍ണ്ണവ്യാപാര കേന്ദ്രങ്ങള്‍ വന്‍ പ്രതീക്ഷയിലാണ്‌ പ്രവര്‍ത്തിക്കുകയെന്നും ഇന്ത്യയിലെ സ്വര്‍ണ്ണവില്‍പ്പനയുടെ മുഖ്യപങ്കും ധന്‍തേരാസ്‌ ദിനത്തിലും ഏപ്രില്‍ മാസത്തെ അക്ഷയതൃതീയ ദിനവുമാണെന്ന്‌ വിപണികേന്ദ്രങ്ങള്‍ പറയുന്നു.
ദീപാവലി ദിനത്തില്‍ പുതുവസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും ഉത്സവലഹരിയിലമരുന്നു. ജനസമൂഹം ബന്ധുമിത്രാദികള്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ്‌ ആനന്ദം പങ്കിടുക. ഇതിനായി ആഴ്ചകള്‍ക്ക്‌ മുമ്പേ വൈവിധ്യമാര്‍ന്ന മധുരപലഹാര വിഭവങ്ങളുമായി വിപണി തയ്യാറാക്കുകയും ചെയ്യും. വടക്കേയിന്ത്യന്‍ സമൂഹം ഏറെയുള്ള കൊച്ചിയിലെ ഗുജറാത്തി മിഠായി വില്‍പ്പനശാലകള്‍ ദീപാവലി വിഭവങ്ങളാല്‍ സമൃദ്ധിയിലാണ്‌. 100 വര്‍ഷത്തെ പാരമ്പര്യമുള്ള 'മിഠായിവാല'കള്‍ മുതല്‍ നവാഗതര്‍ വരെയായി 60ഓളം കച്ചവടസ്ഥാപനങ്ങളാണ്‌ കൊച്ചിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്‌. വടക്കേയിന്ത്യന്‍ മധുരപലഹാര വിഭവങ്ങളുടെ രുചിഭേദങ്ങളറിയുവാന്‍ മലയാളിക്ക്‌ ലഭിക്കുന്ന അവസരങ്ങളിലൊന്നാണ്‌ ദീപാവലി സ്വീറ്റ്സ്‌ വിപണി.
ഓരോയിനം വിഭവങ്ങളിലും മാങ്ങ, പപ്പായ, ഓറഞ്ച്‌, പൈനാപ്പിള്‍, മുസംബി എന്നീ ഫലങ്ങളുടെ സത്ത്‌ ചേര്‍ത്തുകൊണ്ടുള്ള പ്രത്യേക മിശ്രിത വിഭവങ്ങളും ദീപാവലി മധുരപലഹാര വിപണിയില്‍ ഇടം നേടുന്നുമുണ്ടെന്ന്‌ കൊച്ചിയിലെ ശാന്തിലാല്‍ മിഠായിവാല ഉടമ നരേന്ദ്രഷായും വിപുല്‍ഷായും പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വിലവര്‍ധന ദീപാവലി വിപണിയിലും പ്രകടമാണ്‌. പതിനാറോളം ഇനങ്ങളടങ്ങിയ 500 ഗ്രാം സാധാരണ പാക്കറ്റിന്‌ 90 രൂപയും സെമി സ്പെഷ്യലിന്‌ 125 രൂപയും സ്പെഷ്യലിന്‌ 180 രൂപയുമാണ്‌ വില്‍പ്പന വില. 44 ഇനങ്ങളടങ്ങിയ ഒരുകിലോ പാക്കറ്റിന്‌ യഥാക്രമം 180, 250, 350 രൂപയുമാണ്‌ വില. സാധാരണ വിഭവങ്ങളെക്കൂടാതെ പാല്‍ മുഖ്യമിശ്രിതമായുള്ള മധുരപലഹാര പാക്കറ്റും വിപണിയിലുണ്ട്‌. 18ഓളം ഇനങ്ങളുള്ള ഒരുകിലോ പാക്കറ്റിന്‌ 400 മുതല്‍ 600 രൂപ വരെയാണ്‌ വില്‍പ്പന വില. ദീപാവലി വിഭവങ്ങളില്‍ ലഡു ഇനങ്ങളുടെ സവിശേഷതയുമായി അന്നപൂര്‍ണ്ണ സ്വീറ്റ്സും വിപണിയിലുണ്ട്‌. 180 രൂപ മുതല്‍ 250 രൂപ വരെയാണ്‌ പാക്കറ്റ്‌ വില്‍പ്പനയെന്ന്‌ ഉടമയായ മിലന്‍ ജോഷിയും പറഞ്ഞു. കൊച്ചിയിലെ മിഠായിവാല കച്ചവടസ്ഥാപനങ്ങളില്‍നിന്നാണ്‌ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലേക്കുള്ള മധുരപലഹാര പാക്കറ്റ്‌ വില്‍പ്പന നടക്കുന്നത്‌.
>> എസ്‌. കൃഷ്ണകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.