അന്നു ഞാന്‍ അറസ്റ്റിലായേനേ....

Saturday 2 June 2018 2:35 am IST

ബ്യൂണസ് അയേഴ്‌സ്: വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ വിഎആര്‍ എന്ന സംവിധാനമുണ്ടായിരുന്നെങ്കില്‍ താന്‍ അറസ്റ്റിലാവുമായിരുന്നു എന്ന പ്രതികരണവുമായി ഇതിഹാസ താരം മറഡോണ. 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ കൈകൊണ്ട് പന്തു തട്ടി പോസ്റ്റിലിട്ട വിവാദ ഗോളിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മറഡോണ. ദൈവത്തിന്റെ കൈ എന്നു മറഡോണ തന്നെ പിന്നീടു വിശദീകരിച്ച ഈ ഗോള്‍ പിന്നീട് ഏറെക്കാലം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. മറഡോണയുടെ ഈ വിശദീകരണവും പ്രശസ്തമായി.

റഫറിക്ക് ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സംശയമുണ്ടെങ്കില്‍ കളത്തിനോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന വീഡിയോ സ്‌ക്രീനില്‍ റീപ്ലെ കാണാവുന്ന സംവിധാനമാണ് വിഎആര്‍ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി.

ഈ സംവിധാന 1986ല്‍ ഉണ്ടായിരുന്നെങ്കില്‍, ദൈവത്തിന്റെ കൈ ഗോളിന്റെ പേരില്‍ താന്‍ അറസ്റ്റിലാവുമായിരുന്നു എന്നാണ് മറഡോണ പറഞ്ഞത്. ഉയര്‍ന്നു വന്ന പന്ത് ഹെഡ്ഡു ചെയ്യാനായി ചാടിയ മറഡോണ കൈകൊണ്ടു തട്ടി ഇംഗ്ലണ്ടിന്റെ ഗോളി പീറ്റര്‍ ഷില്‍ട്ടണെ കബളിപ്പിച്ച് നെറ്റിലിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ കളിക്കാര്‍ എതിര്‍ത്തെങ്കിലും റഫറി അലി ബിന്‍ നാസര്‍ ഗോള്‍ അനുവദിച്ചു.

അഭിമുഖത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി എന്ന പുതിയ സംവിധാനത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് അന്നതുണ്ടായിരുന്നെങ്കില്‍ താന്‍ അറസ്റ്റിലാവുമായിരുന്നു എന്ന് മറഡോണ പറഞ്ഞത്. എണ്‍പതിനായിരം കാണികള്‍ക്കു മുന്നിലാണ് അതു സംഭവിച്ചത്. എങ്ങിനെ രക്ഷപ്പെടാന്‍? ഞാന്‍ അറസ്റ്റിലാവുമായിരുന്നു, മറഡോണ പാതി തമാശയായി പറഞ്ഞു. ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഹാന്‍ഡ്, ഹാന്‍ഡ് എന്നു വിളിച്ചു പറഞ്ഞപ്പോള്‍ അതിലും ഉറക്കെ ഗോള്‍ എന്നു താന്‍ പറഞ്ഞെന്നും മറഡോണ ഓര്‍ക്കുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.