പോസ്റ്റിനു മുന്നില്‍ എപ്പോഴും പീറ്റര്‍

Saturday 2 June 2018 2:36 am IST

പീറ്റര്‍ ലെസ്‌ലി ഷില്‍ട്ടണ്‍ എന്നാണ് പേര്, ലോക ഫുട്‌ബോളിലെ വിഖ്യാത ഗോള്‍കീപ്പര്‍. റെക്കോഡ് ഷില്‍ട്ടണ്‍ എന്നാണ് വിളിക്കേണ്ടത്. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരു പിടി റെക്കോഡുകള്‍ ഇന്നും പീറ്ററിന്റെ പേരില്‍ത്തന്നെ. ഇംഗ്ലണ്ടിന്റെ ഗോള്‍ വലയ്ക്കു മുന്നില്‍ നിറ സാന്നിധ്യമായിരുന്ന പീറ്ററാണ് ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍. 1990ലെ ഇറ്റാലിയന്‍ ലോകകപ്പിലാണ് ഷില്‍ട്ടന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. അന്ന് ഇറ്റലിക്കെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് ടീമിനെ നയിച്ച് കളിക്കാനിറങ്ങുമ്പോള്‍ 40 വയസ്സും 292 ദിവസുമായിരുന്നു പ്രായം. 

മറ്റൊരു റെക്കോഡും പീറ്ററിന്റെ പേരിലുണ്ട്. തുടര്‍ച്ചയായി പത്തു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ഗോള്‍വല കാത്തതിന്റെ റെക്കോഡ്. ഈ റെക്കോഡ് ഫ്രാന്‍സിന്റെ വിഖ്യാത ഗോളി ഫാബിയന്‍ ബാര്‍ത്തേസിനൊപ്പമാണ് പീറ്റര്‍ പങ്കിടുന്നത്.

1970 മുതല്‍ 1990 വരെ, രണ്ടു പതിറ്റാണ്ട് ഇംഗ്ലണ്ടിന്റെ ഗോള്‍വല കാത്ത് പീറ്ററല്ലാതെ മറ്റൊരാള്‍ നിന്നിട്ടില്ല. ഈ കാലയളവില്‍ കളിച്ചത് 125 മത്സരങ്ങൡ. ഇംഗ്ലീഷ് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡും പീറ്ററിനു സ്വന്തം. ഇത്രയൊക്കെ റെക്കോഡുകലുണ്ടെങ്കിലും എന്നാല്‍ ഒരു ലോക കിരീടമോ യൂറോ കിരീടമോ ഇംഗ്ലണ്ടിന് സമ്മാനിക്കാന്‍ പീറ്ററിനു കഴിഞ്ഞില്ല.

സ്‌പെയിനില്‍, 1982ലാണ് പീറ്ററിന്റെ ആദ്യ ലോകകപ്പ്. അഞ്ച് മത്സരങ്ങളില്‍ ഗോള്‍ വല കാത്തു. ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. 1986ലെ ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പോസ്റ്റിനു താവെ പീറ്ററുണ്ടായിരുന്നു. ഈ ലോകകപ്പില്‍ പീറ്റര്‍ നായകനായി. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ പോളണ്ടിനെതിരെ, അതുവരെ ക്യാപ്റ്റനായിരുന്ന ബ്രയാന്‍ റോബ്‌സണ്‍ കളിക്കാനിറങ്ങാതിരുന്നതാണ് കാരണം. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഇംഗ്ലണ്ട് മുന്നേറിയെങ്കിലും അവിടെ അര്‍ജന്റീനയോട് തോറ്റു. 

1990ല്‍ ലോകം മാറി, ലോകകപ്പ് വേദി മാറി, ടീമുകള്‍ മാറി....ഇംഗ്ലണ്ടിന്റെ ഗോളി മാത്രം മാറിയില്ല. അതു പീറ്റര്‍ തന്നെ.  90ല്‍ സെമിവരെ ഇംഗ്ലണ്ട് മുന്നേറി. സെമിയില്‍ പശ്ചിമ ജര്‍മനിയോട് ഷൂട്ടൗട്ടില്‍ തോറ്റു. ലൂസേഴ്‌സ് ഫൈനലില്‍ ഇറ്റലിയോടും തോറ്റ് നാലാം സ്ഥാനം കൊണ്ട് പീറ്ററിന്റെ ഇംഗ്ലണ്ട് തൃപ്തരായി. ഇതാണ് ലോകകപ്പിലെ പീറ്റര്‍ ഷില്‍ട്ടണ്‍ എന്ന ഇതിഹാസ ഗോളിയുടെ ഏറ്റവും മികച്ച പ്രകടനം.

1997-ല്‍ ക്ലബ് ഫുട്‌ബോളിനോടും വിരമിച്ചതോടെ 31 വര്‍ഷത്തെ കരിയറിനും അവസാനമായി. ഇതിനിടയ്ക്ക് 1992-95 മുതല്‍  വരെ പ്ലേമൗത്ത് അര്‍ഗെയ്‌ലിന്റെ പ്ലയര്‍ കം മാനേജരായും സേവനമനുഷ്ഠിച്ചു. കളത്തില്‍ വിട്ട് ജീവിതത്തിലേക്കു വന്ന പീറ്റര്‍ ഇടയ്ക്ക് ചൂതാട്ടത്തില്‍ പണമിറക്കി, ബിസിനസ് പാളി, കടക്കാരനായി. എന്നാല്‍ അതില്‍ നിന്നൊക്കെ തിരിച്ചു വന്ന്, അറുപത്തെട്ടുകാരനായ പീറ്റര്‍ ഇപ്പോള്‍ വീണ്ടും ബിസിനസ്സൊക്കെ മെച്ചപ്പെടുത്തി ജീവിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.