ബോധഗയ സ്‌ഫോടനം: അഞ്ച് ഭീകരര്‍ക്ക് ജീവപര്യന്തം

Saturday 2 June 2018 2:39 am IST

പാട്‌ന: ബീഹാറിലെ ബോധഗയ ബുദ്ധക്ഷേത്രത്തില്‍ ബോംബാക്രമണം നടത്തിയ അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് ജീവപര്യന്തം. ഉമര്‍ സിദ്ധിഖി(39), അസ്ഹറുദ്ദീന്‍ ഖുറേഷി(25), ഇംതിയാസ് അന്‍സാരി (ആലം 35) ഹൈദര്‍ അലി (ബ്ലാക്ക് ബ്യൂട്ടി (30) മുജീബുള്ള അന്‍സാരി (28)  എന്നിവരെയാണ് പാട്നയിലെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചത്.

2013 ജൂലൈ ഏഴിന് മഹാബോധി ക്ഷേത്രത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഇവര്‍ കുറ്റക്കാരാ ണെന്ന്  മെയ് 25ന് പ്രത്യേക ജഡ്ജി മനോജ്കുമാര്‍  കണ്ടെത്തിയിരുന്നു. ഹൈദറും മുജീബുള്ളയുമാണ് ബോധഗയ സ്‌ഫോടനത്തിന്റെ സൂത്രധാരന്മാര്‍. 

ബോധഗയ മഹാബോധി ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമായി  ഇവര്‍ 13 ബോംബുകളാണ്  വച്ചത്. അവയില്‍ പത്തെണ്ണം പൊട്ടി. ശക്തി കുറഞ്ഞ ബോംബുകളായിരുന്നതിനാല്‍ ജീവഹാനിയുണ്ടായില്ല. 

രണ്ട് ബുദ്ധസന്ന്യാസിമാര്‍ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നാലെണ്ണം ക്ഷേത്രത്തിലും ആറെണ്ണം സമീപ മേഖലകളിലുമാണ് പൊട്ടിത്തെറിച്ചത്. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ക്കു നേരെ ബുദ്ധമതക്കാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബോംബുവെച്ചതെന്നാണ് മുഖ്യപ്രതികളില്‍ ഒരാളായ ഉമര്‍ സിദ്ദിഖി പറഞ്ഞത്.

ഇതിലെ അഞ്ചു പ്രതികള്‍, 2013 ഒക്‌ടോബര്‍ 27ന് പാട്‌നയില്‍ നടന്ന നരേന്ദ്ര മോദിയുടെ മഹാസമ്മേളനത്തില്‍ (ഹുംകാര്‍ റാലി) ബോംബുവെച്ച കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ബോംബ് വയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് താരിഖ് അലി എന്ന ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു കേസുകളിലുമുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത, തൗഫീഖ്  അന്‍സാരിയെന്ന  പ്രതിയെ കഴിഞ്ഞ ഒക്‌ടോബറില്‍ മൂന്നു വര്‍ഷത്തെ നല്ല നടപ്പിന്  ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.