ചെങ്ങന്നൂര്‍ കോണ്‍ഗ്രസ് നേതാക്കളെ മാറ്റാന്‍ പരാതി പ്രളയം

Saturday 2 June 2018 2:41 am IST

ന്യൂദല്‍ഹി: കേരളത്തിലെ കഴിവുകെട്ട നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതിപ്രളയം. അനുകൂലമായ നിരവധി സാഹചര്യങ്ങളുണ്ടായിട്ടും ചെങ്ങന്നൂരില്‍ ദയനീയമായി പരാജയപ്പെട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടി അധ്യക്ഷനയച്ച പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ പരാജയമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അടിയന്തരമായി മാറ്റി പുതിയ നേതാക്കളെ ചുമതലയേല്‍പ്പിക്കണമെന്നാണ് ആവശ്യം.

ഗ്രൂപ്പു കളിയാണ് ചെങ്ങന്നൂരിലെ പരാജയ കാരണം. ജനകീയ അടിത്തറയുള്ള നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തും കെപിസിസി അധ്യക്ഷ പദവിയിലും കൊണ്ടുവന്നാല്‍ മാത്രമേ കോണ്‍ഗ്രസ്സിന്  മുന്നോട്ടു പോകാനാവൂ. ചെങ്ങന്നൂരിലെ തോല്‍വിക്ക് പിന്നിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കിനെപ്പറ്റി സമഗ്രമായ അന്വേഷണം  നടത്തണം. യുവ നേതാക്കളും മറ്റു സംസ്ഥാന നേതാക്കളും അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു. 

ബൂത്തുതല  പുനഃസംഘടന പോലും നടത്താന്‍ കഴിയാത്ത കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷന് പകരം സ്വാധീനമുള്ള മറ്റാരെയെങ്കിലും കെപിസിസി അധ്യക്ഷനാക്കണം. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് സംഘടനയ്ക്ക് പ്രതികൂലമാകും. വീരേന്ദ്രകുമാറിന്റെ  ജെഡിയു മുന്നണി വിടുമെന്നറിഞ്ഞ ശേഷവും യാതൊരുവിധ ചര്‍ച്ചകളും അവരുമായി നടത്താന്‍  എം.എം. ഹസനോ രമേശ് ചെന്നിത്തലയ്‌ക്കോ കഴിഞ്ഞില്ല. 

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറും കോണ്‍ഗ്രസ് സംവിധാനം പരാജയമായിരുന്നെന്ന് പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ചയോടെ പുതിയ കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. 

ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പി.ജെ. കുര്യന് വീണ്ടും അവസരം നല്‍കണമെന്ന ഒരുവിഭാഗത്തിന്റെ നിലപാടിനെതിരെയും പ്രതിഷേധമുണ്ട്. വര്‍ഷങ്ങളായി എംപി സ്ഥാനത്തുള്ള കുര്യന് പകരം യുവാക്കളെ ആരെയെങ്കിലും രാജ്യസഭയിലേക്ക് വിടണമെന്ന ആവശ്യവും കോണ്‍ഗ്രസ്സില്‍ ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.