മണല്‍ കടത്ത് വാഹനം ലേലം ചെയ്യാനുള്ള അധികാരം എസ്പിക്ക് നല്‍കും

Saturday 2 June 2018 2:43 am IST

കൊച്ചി:  മണല്‍ കടത്തിനു പോലീസ് പിടികൂടിയ വാഹനങ്ങള്‍ നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കില്‍ ലേലം ചെയ്യാനുള്ള ജില്ലാ കളക്ടറുടെ അധികാരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്നതടക്കമുള്ള വ്യവസ്ഥകളുള്‍പ്പെടുത്തി സംസ്ഥാനത്ത് പുതിയ നിയമം വരുന്നു. പോലീസും മറ്റ് ഏജന്‍സികളും പിടികൂടുന്ന വാഹനങ്ങള്‍ പാതയോരങ്ങളില്‍ കൂട്ടിയിടുന്നത് ഒഴിവാക്കുന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതിന്റെ കരട് രേഖ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

 പിടികൂടിയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ പോലീസ് മേധാവിയെ അധികാരപ്പെടുത്തിയാണ് കരട് ഉത്തരവ്. ലേലത്തിനായി വാഹനങ്ങളുടെ വില നിശ്ചയിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെട്ട നാലംഗ സമിതിക്ക് രൂപം നല്‍കും. 

30 ദിവസത്തിനകം വില നിര്‍ണയ സമിതി റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് നിയമപരമായി ലേലം നടത്താമെന്നും ഉത്തരവില്‍ പറയുന്നു. വിവിധ കാരണങ്ങളാല്‍ പിടികൂടിയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പാതയോരങ്ങളില്‍ അപകടത്തിന് ഇടയാക്കുന്ന തരത്തില്‍ ഉപേക്ഷിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി രാജേഷ് നായര്‍, ഡോ. കെ.എ. സീതി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കരട് രേഖ സമര്‍പ്പിച്ചത്. 

 തൊണ്ടി വാഹനങ്ങള്‍ കോടതിയുടെ അനുമതിയോടെ ഒഴിവാക്കണം. നിര്‍ണായക തെളിവില്ലെങ്കില്‍ അന്വേഷണത്തിന്റെ പേരില്‍ പിടിച്ചിടരുത്. 

ഉപേക്ഷിച്ച വാഹനങ്ങള്‍  കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോയെന്നറിയാന്‍ എല്ലാ എസ്എച്ച്ഒ മാരെയും അറിയിക്കണം. ഇതിനായി പൊതു അറിയിപ്പ് നല്‍കണം. ഒരു മാസത്തിനകം ഉടമ വന്നില്ലെങ്കില്‍ ലേലം ചെയ്യാം. അപകടത്തില്‍പെട്ട വാഹനങ്ങള്‍  വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ച ശേഷം വിചാരണയ്ക്ക് ഹാജരാക്കണമെന്ന വ്യവസ്ഥയോടെ വിട്ടുകൊടുക്കാം. 

ഉപയോഗിക്കാനാവാതെ തകര്‍ന്നവ  ആക്രിയായി കണക്കാക്കി ഉടമയ്ക്ക് നല്‍കാം. ഉടമ സ്വീകരിക്കുന്നില്ലെങ്കില്‍ എസ്എച്ച്ഒയ്ക്ക് ലേലം ചെയ്യാം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.