റോഡപകടങ്ങള്‍ പത്തു ശതമാനം കുറയ്ക്കും

Saturday 2 June 2018 2:44 am IST

തിരുവനന്തപുരം:  റോഡപകടങ്ങള്‍ കുറയ്ക്കാന്‍  നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍   റോഡപകടങ്ങള്‍ പത്തു ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.

സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ  അഞ്ചുമാസത്തെ കണക്ക്  വിലയിരുത്തിയാണിത്. 

ഗ്രാമീണ മേഖലയിലാണ് റോഡപകടങ്ങള്‍ കൂടുതല്‍. നേരെയുള്ള റോഡുകളില്‍ അപകടങ്ങള്‍ കൂടി വരുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടങ്ങളില്‍പ്പെടുന്നത്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ വിവിധ എന്‍ജിഒകളുടെ സഹകരണത്തോടെ ഡ്രൈവര്‍ വെയിറ്റിങ് സെന്ററുകള്‍ സ്ഥാപിക്കും.

നാലുചക്ര വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവയില്‍ ചെറിയ അഗ്നിശമനോപകരണങ്ങള്‍ സൂക്ഷിക്കാം. നാലുവരി/ആറുവരി പാതകളില്‍ ലൈന്‍ ഗതാഗതം നിര്‍ബന്ധമാക്കാന്‍  ലൈന്‍മാര്‍ക്കിങ് ഏര്‍പ്പെടുത്തും. അനധികൃത പാര്‍ക്കിങ്, റോഡ് കൈയേറിയുള്ള കച്ചവടങ്ങള്‍ എന്നിവ അവസാനിപ്പിക്കും. പ്രധാന ജംഗ്ഷനുകളിലും നഗരപ്രദേശങ്ങളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിലും ട്രാഫിക് സിഗ്നലുകള്‍ രാത്രി 12 മണിവരെ  പ്രവര്‍ത്തിപ്പിക്കും.

  സ്‌കൂളുകള്‍ക്ക് സമീപം താല്‍ക്കാലിക മേല്‍പ്പാലങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായും.  വേഗം നിയന്ത്രിക്കാന്‍  നൂറ് സ്പീഡ് ക്യാമറകള്‍ക്കു പുറമേ റെഡ്‌ലൈറ്റ് ക്യാമറകള്‍, റോഡിലെ മഞ്ഞ ലൈന്‍ ക്രോസ് ചെയ്യുന്നത് കണ്ടുപിടിക്കുന്നതിനുള്ള ലൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ എന്നിവ കൂടുതല്‍ സ്ഥാപിക്കും.  

മറ്റു നിര്‍ദ്ദേശങ്ങള്‍ 

-നിയമലംഘകരെ തടയുന്നത് ഒഴിവാക്കി ഡിജിറ്റല്‍ ക്യാമറകള്‍, ബോഡി ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയിലൂടെ നിയമലംഘകരുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പകര്‍ത്തണം.

-ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിലവാരമുള്ള ഹെല്‍മറ്റുകള്‍ ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 

-നാലുചക്രവാഹന യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഉറപ്പാക്കണം. വാഹന പരിശോധന കര്‍ശനമാക്കണം.

-മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ തുടക്കത്തില്‍ തന്നെ  കണ്ടെത്താനായി ബാറുകള്‍/ഹോട്ടലുകള്‍ എന്നിവയ്ക്ക് സമീപം  വാഹന പരിശോധന കര്‍ശനമാക്കണം. 

-മദ്യപിച്ചും അമിതവേഗത്തിലും വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് വിധേയമാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.