കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

Saturday 2 June 2018 2:47 am IST

പേരാമ്പ്ര: അദര്‍ ഡ്യൂട്ടി നിരോധിച്ചുള്ള എംഡിയുടെ ഉത്തരവ് തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറുടെ ജീവനെടുത്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സ്വദേശി നോമ്പ്രയില്‍ എന്‍.കെ. മുരളി (45)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെ ഇദ്ദേഹത്തിനു വീട്ടില്‍ വെച്ചു ഹൃദയാഘാതമുണ്ടായി. പേരാമ്പ്ര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 2007ലാണ് മുരളി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ജോലിക്ക് കയറിയത്. 2011 ല്‍ രണ്ടു വൃക്കയും തകരാറിലായി.  സഹോദരപുത്രന്‍ വൃക്ക ദാനം ചെയ്തു. എങ്കിലും പ്രമേഹം ബാധിച്ചത് വീണ്ടും ആരോഗ്യപ്രശ്‌നമുയര്‍ത്തി. 2012 മുതല്‍ ഡ്രൈവര്‍ പണിക്കു പകരം അദര്‍ ഡ്യൂട്ടി നല്‍കി. ഇത് മുരളിക്കു വളരെ ആശ്വാസമായി. ഇതിനിടയിലാണ് പുതിയ എംഡിയുടെ ഉത്തരവെത്തിയത്. ഇതനുസരിച്ച് ഡ്രൈവര്‍ പണി ചെയ്യാന്‍ അനാരോഗ്യം മൂലം മുരളിക്ക് കഴിയാതെ വന്നു. 

ഡയാലിസിസിലൂടെയാണ് ഇദ്ദേഹം ജീവന്‍ നിലനിര്‍ത്തിയത്. തന്റെ ജീവനും കുടുംബത്തിന്റെ നിലനില്‍പ്പും ചോദ്യചിഹ്നമായ മുരളി രണ്ടു മാസമായി വീട്ടിലിരിപ്പായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ ഒരു തവണ 500 രൂപ വേണം. തന്റെ മുന്നില്‍ ഇനി ആത്മഹത്യ മാത്രമെ വഴിയുള്ളൂവെന്നു  സഹപ്രവര്‍ത്തകരോടു ദുഃഖം പങ്കുവെയ്ക്കാറുണ്ടായിരുന്നു.  ഭാര്യ: ലീന. മക്കള്‍: മന്യ, നവ്യ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.