ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ നീക്കം

Saturday 2 June 2018 2:49 am IST

കോട്ടയം: പ്രണയവിവാഹത്തെത്തുടര്‍ന്ന് കെവിന്‍ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ച ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി സംരക്ഷണം. കെവിന്റെ താമസസ്ഥലത്തെത്താന്‍ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് വഴികാട്ടിയായത് മാന്നാനം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവാണ്. ഇയാളും പ്രതികളുമായി ബാങ്കിന് പുറത്ത് സംസാരിച്ച് നില്‍ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണമുള്ള ഇയാളെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. 

കെവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഉണ്ടായിരുന്നു. ഇതില്‍ നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് പ്രസിഡന്റായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കേസില്‍ കൂടുതല്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ കുടുങ്ങുന്നത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തുന്ന ഒന്നാണ്. ഇതൊഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വം പോലീസിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. 

തെന്മല, പുനലൂര്‍ ഭാഗത്തുള്ള ക്വട്ടേഷന്‍ സംഘത്തിന് പരിചിതമല്ലാത്ത സ്ഥലത്തെത്തി വീടാക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ട്. സംഘത്തെ സഹായിച്ചതിനാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്. അതേസമയം ഇതേ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണ്. 

പ്രതികള്‍ കെവിന്റെ അച്ഛന്‍ താമസിക്കുന്ന കുമാരനല്ലൂര്‍ നട്ടാശ്ശേരി ഭാഗത്തു നിന്ന് താമസസ്ഥലം അന്വേഷിച്ചു. ഇവിടെയുള്ള സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെയാണ് ഇവര്‍ ബന്ധപ്പെട്ടത്. കെവിന്‍ മാന്നാനത്താണ് താമസമെന്നത് ഇവരില്‍ നിന്നാണ് പ്രതികള്‍ അറിഞ്ഞത്. മാന്നാനം സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന ഡിവൈഎഫ്‌ഐ നേതാവുണ്ടെന്നും ഇയാളെ പോയി കണ്ടാല്‍ സഹായം ലഭിക്കുമെന്നും പറഞ്ഞാണ് പ്രതികള്‍ ബാങ്കിലെത്തി നേരിട്ട് കാണുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ വിവരമനുസരിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്.  

കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച കുറ്റത്തിന് അറസ്റ്റിലായ എഎസ്‌ഐ ബിജു, പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി. കൈക്കൂലി കേസിന്റെ അന്വേഷണം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.