നിപ രണ്ടാം ഘട്ടത്തില്‍; ആശങ്ക കടുത്തു

Saturday 2 June 2018 2:55 am IST
നിപ ബാധയെത്തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളില്‍ മൂന്നു പേര്‍ കൂടി മരിച്ചതോടെയാണ് ജനങ്ങള്‍ വീണ്ടും ആശങ്കയിലായത്. അതിനാല്‍ നിപ ബാധിച്ച് മരിച്ച രണ്ടുപേര്‍ ചികിത്സയിലായിരുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അധികൃതര്‍ അവധി നല്‍കി.

കോഴിക്കോട്: പതിനേഴു മനുഷ്യ ജീവനുകളെടുത്ത നിപ വൈറസ്ബാധ രണ്ടാംഘട്ടത്തിലേക്ക്. ഇതോടെ ജനങ്ങളുടെ ഭയവും ആശങ്കയും കടുത്തു. ആദ്യം നിപ ബാധിച്ച് മരിച്ചവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നു തുടങ്ങിയ അവസ്ഥയാണ് രണ്ടാം ഘട്ടം. 

നിപ ബാധയെത്തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളില്‍ മൂന്നു പേര്‍ കൂടി മരിച്ചതോടെയാണ് ജനങ്ങള്‍ വീണ്ടും ആശങ്കയിലായത്. അതിനാല്‍ നിപ ബാധിച്ച് മരിച്ച രണ്ടുപേര്‍ ചികിത്സയിലായിരുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അധികൃതര്‍ അവധി നല്‍കി.  

നേരത്തെ ഇവിടെ ചികിത്സയിലായിരുന്ന ഇസ്മായില്‍ മരിച്ചെങ്കിലും അന്ന് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല. റസില്‍ കൂടി മരിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിയവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതും ഇവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതും. ഈ സമയത്ത് ആശുപത്രിയില്‍ വന്നുപോയ 1,949 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആശങ്ക കാരണം ജൂണ്‍ 16 വരെ നടത്താനിരുന്ന പരീക്ഷകള്‍ പിഎസ്‌സി മാറ്റിവെച്ചിരിക്കുകയാണ്. 

ജില്ലാ കോടതിയിലെ സിറ്റിങ് ജൂണ്‍ ആറു വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നെടുക്കും. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ച് വരെ അടച്ചിടും. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം നാലു വരെ തുടരും.

സ്ഥിതി ഇത്രയേറെ വഷളായിട്ടും ആശങ്കപ്പെടേണ്ടെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്. നിപ ബാധ സ്ഥിരീകരിച്ചവരെ പ്രവേശിപ്പിക്കുന്നതിലും കൂട്ടിരിപ്പുകാരുടെ കാര്യത്തിലും ചികിത്സാ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. 

കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കോട്ടൂര്‍ സ്വദേശി രസിലിനെ ആദ്യം പ്രവേശിപ്പിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലാണ്. തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. കൂട്ടിരിപ്പുകാരുടെ കാര്യത്തിലും ശ്രദ്ധയില്ല. പലരും ആശുപത്രിയില്‍ നിന്ന് പുറത്തു പോവുകയും വീടുകളില്‍ പോയി വരികയും ചെയ്യുന്നുണ്ട്. രോഗിയുടെ മരണശേഷം മാത്രമാണ് പലരും നിരീക്ഷണത്തിലാകുന്നത്.

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.