നിപ വൈറസ്: ഒരാള്‍ കൂടി മരിച്ചു; രണ്ടു പേരുടെ നിലയില്‍ പുരോഗതി

Saturday 2 June 2018 10:10 am IST

കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലശേരി സ്വദേശി റോജ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ട് പേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കൽ സംഘത്തിന്റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയുള്ളു. ഇവർക്ക് റിബ വൈറിൻ എന്ന മരുന്ന് കൊടുത്തിരുന്നു. 

ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അവലോകന യോഗം ചേരും. നിപ ബാധിതരുമായി അടുത്തിടപഴകിയവർ നിശ്ചിത കാലാവധി കഴിയുന്നത് വരെ കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇന്ന് പുറത്ത് വന്ന ഫലങ്ങളില്‍ ഏഴും നെഗറ്റിവാണ്. ഇതുവരെ ആകെ 193 സാമ്പിളുകൾ പരിശോധിച്ചതിൽ 18 സാമ്പിളുകൾ മാത്രമാണ് പോസിറ്റീവ്.

നിപ വൈറസ് ബാധ വ്യാപിക്കുമെന്ന സൂചനയെ തുടർന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അതീവ ജാഗ്രത നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ ആളുകൾ കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. കഴിഞ്ഞ ദിവസം നിപ വൈറസ് മരണം സംഭവിച്ച കാരശ്ശേരി പഞ്ചായത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.  ഇവിടുത്ത കള്ളുഷാപ്പ് അടപ്പിച്ചു. തെങ്ങിൽ വവ്വാലുകൾ ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. രോഗം ബാധിച്ചവരുമായി ബന്ധമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.

ആശുപത്രികളിലെ ക്യു സമ്പ്രദായം എടുത്തുകളഞ്ഞ് പലയിടങ്ങളിലും ടോക്കൻ സമ്പ്രദായം ഏർപ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ലഘുലേഘകൾ വിതരണം ചെയ്യുന്നുണ്ട്. സിനിമ ഹാളുകൾ പൂട്ടുന്ന കാര്യം മുനിസിപ്പാലിറ്റികളുടെ പരിഗണനയിലുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.