കെവിന്‍ കൊലപാതകം: സെപ്ഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റി

Saturday 2 June 2018 12:16 pm IST

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ വിവരം എസ്‌പിയെ അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ചപറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്നം എന്ന നിലയിൽ ലഘൂകരിച്ച് റിപ്പോർട്ട്‌ നൽകി. രണ്ടുപേരെ തട്ടിക്കൊണ്ടുപോയത് സ്‌പെഷല്‍ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച്ച ഉച്ചയ്ക്കാണ്. 

ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സ്‌പെഷല്‍ബ്രാഞ്ച് മറച്ചുവെച്ചു. ഒരാൾ രക്ഷപെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസ്‌പിയെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌പി മുഖ്യമന്ത്രിക്ക് വിവരം നല്‍കിയതെന്നും അന്വേഷണസംഘം കണ്ടെത്തി. വീഴ്ചപറ്റിയ സ്‌പെഷല്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമം നടന്നിരുന്നു. വീഴ്ച വ്യക്തമായിട്ടും നടപടിയെടുക്കാന്‍ വൈകുകയാണ്. ഇക്കാര്യങ്ങള്‍ കോട്ടയം മുന്‍ എസ്‌പി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അതേസമയം കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എല്ലാവരും പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം അഞ്ചു പേർ കൂടി പോലീസ് പിടിയിലായതോടെയാണിത്. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.

മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.  പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് തെന്മലയിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.