നിത്യഹരിത കറുവ കൃഷി

Saturday 2 June 2018 4:07 pm IST
നിത്യഹരിത വൃക്ഷമാണ് കറുവ. 'സിന്നമോമം സെയ്‌ലാനിക്കം' എന്ന മരമാണ് യഥാര്‍ഥ കറുവ. ശ്രീലങ്കയില്‍ വളരുന്ന കറുവമരത്തില്‍ നിന്നാണ് ഏറ്റവും മുന്തിയ ഗ്രേഡിലുള്ള കറുവാപ്പട്ട ലഭിക്കുന്നത്. ആറു മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഇതുവളരും.

നിത്യഹരിത വൃക്ഷമാണ് കറുവ. 'സിന്നമോമം സെയ്‌ലാനിക്കം' എന്ന മരമാണ് യഥാര്‍ഥ കറുവ. ശ്രീലങ്കയില്‍ വളരുന്ന കറുവമരത്തില്‍ നിന്നാണ് ഏറ്റവും മുന്തിയ ഗ്രേഡിലുള്ള കറുവാപ്പട്ട ലഭിക്കുന്നത്. ആറു മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഇതുവളരും. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കറുവ വളരുന്നുണ്ട്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയോടാണ് പ്രിയം. ജൈവാംശ സമൃദ്ധമായ മണ്ണില്‍ വളരുമ്പോഴാണ് കൂടുതല്‍ ഗുണവും മേന്മയുമുള്ള കറുവാപ്പട്ട ലഭിക്കുന്നത്. വിത്തു വഴിയും കമ്പു മുറിച്ചു നട്ടും വായുവില്‍ തയാറാക്കുന്ന പതികള്‍ (എയര്‍ ലെയര്‍) ഉപയോഗിച്ചും കറുവയില്‍ പ്രജനനം നടത്താം. 

ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉത്പാദിപ്പിച്ച രണ്ട് മികച്ച ഇനം കറുവകളാണ് നിത്യശ്രീ, നവശ്രീ എന്നിവ. മൂന്നാം വര്‍ഷം വിളവെടുക്കാവുന്ന ഇനമാണ് നിത്യശ്രീ. ഒരു ഹെക്ടര്‍ കൃഷിയില്‍നിന്ന് 200 കിലോ ഉണങ്ങിയ പട്ട കിട്ടും. മരം അഞ്ചു മുതല്‍ ഏഴു മീറ്റര്‍വരെ ഉയരത്തില്‍ വളരും. പട്ടയ്ക്ക് ഇളം ബ്രൗണ്‍ നിറം. സമാനസ്വഭാവമുള്ള കറുവയാണ് നവശ്രീയും. ഇലകളില്‍ 'യൂജിനോള്‍' എന്ന സുഗന്ധസത്ത് അടങ്ങിയിരിക്കുന്ന 'സുഗന്ധിനി' എന്ന ഇനവും ശ്രദ്ധേയമായ ഒരിനം കറുവയാണ്. ഒരു മരത്തില്‍ നിന്നു തന്നെ ഒരു വര്‍ഷം 300 മില്ലി യൂജിനോള്‍ ലഭിക്കും. 

ഓടക്കാലിയിലെ സുഗന്ധതൈല മരുന്നുചെടി ഗവേഷണകേന്ദ്രമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നട്ട് മൂന്നാം വര്‍ഷം വിളവെടുക്കാം. കറുവമരത്തില്‍ നിന്ന് ശേഖരിക്കുന്ന കായ്കളില്‍ നിന്ന് കഴുകി വൃത്തിയാക്കി വിത്തുകള്‍ വേര്‍തിരിക്കുന്നു. ഇവ 3.3:1 എന്ന അനുപാതത്തില്‍ മണലും നന്നായുണങ്ങിയ ചാണകപ്പൊടിയും കലര്‍ത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ പാകുക. ആവശ്യത്തിന് നനയ്ക്കുക. 10 മുതല്‍ 21 ദിവസത്തിനകം വിത്തു മുളയ്ക്കും. ആറു മാസം വരെ തൈകള്‍ക്ക് തണല്‍ നല്‍കണം. 

പ്രധാനകൃഷിയിടത്തില്‍ 3:3 മീറ്റര്‍ ഇടയകലത്തില്‍ 50 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴികളെടുക്കുക. ഇത് ജൈവകമ്പോസ്റ്റും മേല്‍മണ്ണും ചേര്‍ത്ത് നിറയ്ക്കുക. ജൂണ്‍-ജൂലൈ മാസങ്ങളില്‍ തൈകള്‍ നടാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടുക. ഓരോ കുഴിയിലും നാലോ അഞ്ചോ തൈ വീതം നടാം. ഭാഗികമായെങ്കിലും തണല്‍ നല്‍കണം.

ആദ്യവര്‍ഷം ഒരു തൈയ്ക്ക് 20 ഗ്രാം നൈട്രജന്‍, 18 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഇത് ക്രമേണ വര്‍ധിപ്പിച്ച് പത്തു വര്‍ഷവും, അതിനു മുകളിലും പ്രായമുള്ള ചെടിയാകുമ്പോഴേക്കും അളവ് യഥാക്രമം 200 ഗ്രാം, 180 ഗ്രാം, 200 ഗ്രാം എന്ന തോതിലേക്ക് വര്‍ധിപ്പിക്കണം. രണ്ട് തുല്യ അളവുകളായി വിഭജിക്കുന്ന വളങ്ങള്‍ മേയ്-ജൂണിലും സെപ്റ്റംബര്‍- ഒക്‌ടോബറിലും ആയാണ് നല്‍കേണ്ടത്. കറുവാത്തോട്ടത്തില്‍ കളനിയന്ത്രണം നിര്‍ബന്ധമാണ്. അതും ഒരു വര്‍ഷം രണ്ടുപ്രാവശ്യം. കറുവമരത്തിന്റെ ഉയരം ക്രമീകരിക്കാനായി കറുവത്തോട്ടത്തില്‍ സാധാരണയായി കൊമ്പുകോതല്‍ നടത്തുന്ന പതിവുണ്ട്. രണ്ടോ മൂന്നോ വര്‍ഷം പ്രായമായ മരങ്ങള്‍ ജൂണ്‍-ജൂലൈ ആകുമ്പോഴേക്കും 15 സെന്റീമീറ്റര്‍ ഉയരത്തില്‍ ശിഖരം കോതണം. അങ്ങനെയായാല്‍ കറുവമരം രണ്ടുമീറ്റര്‍ ഉയരത്തില്‍ ഒരു കുറ്റിച്ചെടിപോലെ നമുക്ക് വളര്‍ത്താന്‍ കഴിയും. നാലു വര്‍ഷത്തെ വളര്‍ച്ചയാകുമ്പോള്‍ തന്നെ തൊലി (പട്ട) ഉരിയാനും സാധിക്കും. 

കേരളത്തില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളാണ് കറുവയില്‍ ശിഖരങ്ങള്‍ വിളവെടുക്കുന്ന കാലം. ഇത്തരത്തില്‍ വിളവെടുക്കുന്ന ശിഖരങ്ങള്‍ ഒന്നു മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ നീളമുള്ള നേര്‍ കഷണങ്ങളായി മുറിക്കുന്നു. എന്നിട്ടാണ് പട്ട വേര്‍തിരിക്കുന്ന ജോലി തുടങ്ങുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.