നെല്ലിയാമ്പതിയിലെ മലമുഴക്കികള്‍

Sunday 3 June 2018 3:16 am IST
ആദ്യമായാണ് ഇത്രയും അടുത്ത് രണ്ടു വേഴാമ്പലുകളെ കാണുന്നത്. ഒരുനിമിഷം അവയെ നോക്കിനിന്നുപോയി. സെറ്റു ചെയ്തുവച്ച ക്യാമറയിലേക്ക് അവയുടെ ചലനങ്ങളെ ഞങ്ങള്‍ പകര്‍ത്തി. അതിമനോഹരമായിരുന്നു ആ ചലനങ്ങള്‍. കായ്കള്‍ ചുണ്ടുകള്‍കൊണ്ടു കൊത്തി കൊക്കിനുള്ളിലേക്ക് ആക്കുന്ന കാഴ്ചകള്‍ കൗതുകകരമായിരുന്നു. 10 മിനിറ്റുകള്‍ക്കുശേഷം രണ്ടു വേഴാമ്പല്‍കൂടി മരത്തിനരികിലേക്ക് പറന്നുവന്നു. ഞങ്ങള്‍ ചെറിയൊരു അനക്കംപോലുമുണ്ടാക്കാതെ നല്ല ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നു.

ആരാണ് യാത്രകളും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടാത്തത്? പല യുവാക്കള്‍ക്കും അതൊരു ഹരംതന്നെയാണ്. എല്ലാവരെയുംപോലെ ഫോട്ടോഗ്രാഫി എനിക്ക് 'പ്രൊഫഷന്‍' മാത്രമല്ല 'പാഷന്‍' കൂടിയാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളതുകൊണ്ട് വനയാത്രയും എനിക്ക് വളരെയധികം ഇഷ്ടമാണ്. ഇത്തവണ നെല്ലിയാമ്പതിയിലേക്കാണ് യാത്ര തീരുമാനിച്ചത്. അതിന് കാരണമുണ്ട്. മലമുഴക്കി വേഴാമ്പലുകളുടെ ചിത്രങ്ങളെടുക്കണം. അവയെപ്പറ്റി പഠിക്കണം. ബേര്‍ഡ് ഫോട്ടോഗ്രാഫര്‍മാരായ ജോസ് കല്ലൂക്കാരന്‍, ടിനു മാണി എന്നിവരോടൊപ്പമാണ് യാത്ര. പലതവണ മലമുഴക്കിയെ തേടിപ്പോയിട്ടുണ്ടെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. 

ആറുമണിക്കുതന്നെ ഞങ്ങള്‍ നെല്ലിയാമ്പതി ചെക്‌പോസ്റ്റില്‍ എത്തി. പാസ് എടുത്ത് യാത്ര തുടര്‍ന്നു. ഇത്തവണ മലമുഴക്കിയെ കാണാന്‍ പറ്റുമെന്ന  വിശ്വാസത്തോടെ മഞ്ഞുപുതച്ച വഴികളിലൂടെ കാപ്പിച്ചെടികളും തേയിലകളും നിരയിട്ട മലഞ്ചെരുവുകളില്‍ എത്തിച്ചേര്‍ന്നു. അവിടെ ചെറിയൊരു ചായക്കടയില്‍നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. അതിനിടെ ജോസേട്ടന്‍ പറഞ്ഞു, ഇനിയങ്ങോട്ടുള്ള സ്ഥലങ്ങളില്‍ വേഴാമ്പലുകളെ കാണാന്‍ സാധ്യതയുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലെ വലിയ മരങ്ങളുടെ പൊത്തുകള്‍ക്കുള്ളില്‍ മലമുഴക്കികള്‍ കൂടുകൂട്ടാറുണ്ടത്രേ. 

പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ബഫര്‍സോണില്‍പ്പെട്ടയിടമാണ്. മൂന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ അങ്ങുദൂരെ ഇലകള്‍ പൊഴിഞ്ഞ ഒരു മരച്ചില്ലയില്‍ എട്ടില്‍ കൂടുതല്‍ മലമുഴക്കി വേഴാമ്പലുകളെ കണ്ടു. ആ കാഴ്ച മനോഹരമായിരുന്നു. മരത്തിലെ കായ്കള്‍ കൊത്തിത്തിന്നുവാനാണ് അവ വന്നിരിക്കുന്നത്. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് കുറേ ദൂരമുണ്ടായിരുന്നു ആ മരത്തിനരികിലേക്ക്. മരത്തിനരികിലെത്തിയാല്‍ മാത്രമേ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ പറ്റുമായിരുന്നുള്ളൂ. അവിടത്തെ തോട്ടത്തിലെ ഒരു ജോലിക്കാരന്റെ സഹായത്തോടെ അധികം ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ മരത്തിനരികിലെത്തി. മലമുഴക്കി വേഴാമ്പല്‍ അതീവ ജാഗ്രതയുള്ളവയായതിനാല്‍ ഞങ്ങളുടെ കാല്‍പെരുമാറ്റംപോലും അവ മനസ്സിലാക്കി. അതോടെ അവ ആ മരത്തില്‍നിന്ന് പറന്നുപോയി. 

ഞങ്ങള്‍ക്കു വളരെ വിഷമം തോന്നി. ഇത്രയും അടുത്തെത്തിയിട്ടും ഒരു ഫോട്ടോപോലും എടുക്കാന്‍ പറ്റാത്തതില്‍ നിരാശരായെങ്കിലും അവിടുന്നുപോന്നില്ല. ഈ മരത്തിലെ കായ്കള്‍ ഭക്ഷിക്കാന്‍ അവ തിരികെയെത്തുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മരത്തിനടിയിലെ കാപ്പിച്ചെടികള്‍ക്കിടയില്‍ ക്യാമറ വച്ച് ഞങ്ങള്‍ മൂവരും കാത്തിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു വേഴാമ്പലുകള്‍ മരത്തിനരികിലൂടെ പറന്നുപോയി. പല ദിക്കുകളില്‍നിന്ന് മറ്റു വേഴാമ്പലുകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പറന്നകന്ന വേഴാമ്പലുകളുടെ ചിറകടി ശബ്ദം ആദ്യമായാണ് ഇത്ര അടുത്തുനിന്ന് കേള്‍ക്കുന്നത്. അരമണിക്കൂറോളം പിന്നിട്ടപ്പോള്‍ രണ്ട് വേഴാമ്പലുകള്‍ ആ മരച്ചില്ലയില്‍ പറന്നുവന്നിരുന്നു. ആകാംക്ഷയും സന്തോഷവും അനുഭവപ്പെട്ടു.

ആദ്യമായാണ് ഇത്രയും അടുത്ത് രണ്ടു വേഴാമ്പലുകളെ കാണുന്നത്. ഒരുനിമിഷം അവയെ നോക്കിനിന്നുപോയി. സെറ്റു ചെയ്തുവച്ച ക്യാമറയിലേക്ക് അവയുടെ ചലനങ്ങളെ ഞങ്ങള്‍ പകര്‍ത്തി. അതിമനോഹരമായിരുന്നു ആ ചലനങ്ങള്‍. കായ്കള്‍ ചുണ്ടുകള്‍കൊണ്ടു കൊത്തി കൊക്കിനുള്ളിലേക്ക് ആക്കുന്ന കാഴ്ചകള്‍ കൗതുകകരമായിരുന്നു. 10 മിനിറ്റുകള്‍ക്കുശേഷം രണ്ടു വേഴാമ്പല്‍കൂടി മരത്തിനരികിലേക്ക് പറന്നുവന്നു. ഞങ്ങള്‍ ചെറിയൊരു അനക്കംപോലുമുണ്ടാക്കാതെ നല്ല ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നു. പെട്ടെന്നാണ് തൊട്ടടുത്തുകൂടി ഒരു പാമ്പ് ഇഴഞ്ഞുവന്നത്, എന്റെ കാലുകള്‍ കാപ്പിച്ചെടിയില്‍ തട്ടിയ ശബ്ദം കേട്ടപ്പോള്‍ അവയെല്ലാം പറന്നുപോയി. ആ കാഴ്ചയും ശബ്ദവും വളരെ മനോഹരമായിരുന്നു. ഒന്നുരണ്ടു പടങ്ങള്‍ ഞങ്ങള്‍ എടുത്തു. 

വേഴാമ്പല്‍ കുടുംബത്തിലെ ഒരു വിഭാഗമാണ് മലമുഴക്കി വേഴാമ്പല്‍. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണ് ഇവ. 'മരവിതലച്ചി' എന്ന പേരും ഇതിനുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ അഥവാ ടു ഹോണ്‍ഡ് കലോ എന്നും പറയും. ബുസെറൊസ് ബൈകൊര്‍ണിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.  കേരളത്തിലെ പശ്ചിമഘട്ട മലനിരകളായ നെല്ലിയാമ്പതി, അതിരപ്പിള്ളി കാടുകളിലും മലമുഴക്കി വേഴാമ്പലുകളെ കാണാം. മലകളില്‍ പ്രതിധ്വനിക്കാറുള്ള ശബ്ദവും, ഹെലികോപ്ടര്‍  പറക്കുമ്പോഴുള്ളപോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്നു പേരുവരാന്‍ കാരണം. 50 വര്‍ഷമാണത്രേ ഇവയുടെ ആയുസ്സ്.

പെണ്‍ വേഴാമ്പലുകള്‍ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളില്‍ മുട്ടയിടുന്ന കാലത്ത്, അവ പക്ഷിക്കൂട്ടില്‍ കടന്നശേഷം മരത്തിന്റെ തൊലിയും സ്വന്തം വിസര്‍ജ്ജ്യവുംകൊണ്ട് കൊക്കുകള്‍ മാത്രം പുറത്തു കാണത്തക്കവിധം ബാക്കി ഭാഗങ്ങള്‍ അടയ്ക്കുന്നു. പെണ്‍പക്ഷി തൂവലുകള്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക്  പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. ഏറിയാല്‍ മൂന്ന്. വെള്ള മുട്ടകളാണ്. കുറച്ചുസമയത്തിനുശേഷം മുട്ടകളുടെ നിറം മാറും. മുട്ടകള്‍ വിരിയുന്നതുവരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്തുവരാതെ അടയിരിക്കും. 

ഇക്കാലത്ത് ആണ്‍വേഴാമ്പലാണ് പെണ്‍വേഴാമ്പലുകള്‍ക്ക് ഭക്ഷണം തേടിക്കൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. രണ്ട് ആഴ്ചയ്ക്കുള്ളില്‍ പെണ്‍കിളി കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പുറത്തുവരും. പിന്നീട് ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകള്‍ കഴിയുക. ഒറ്റയിണയെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു കൂടുതന്നെ വര്‍ഷങ്ങളോളം പ്രജനനത്തിനായി ഉപയോഗിക്കും.  20-22 ആഴ്ചവരെയാണ് പ്രജനനകാലം. അതില്‍ 15-19 ആഴ്ചകളോളം പെണ്‍പക്ഷി അടച്ച കൂട്ടില്‍ തന്നെ കഴിയും.

ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണ് മലമുഴക്കി വേഴാമ്പല്‍. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ആണ്‍ വേഴാമ്പലിന് 2-4 കിലോ വരെ ഭാരവും, 3-4 അടിവരെ ഉയരവും, അഞ്ച് അടിയോളം വരുന്ന ചിറകുകളും ഉണ്ടായിരിക്കും. ഇവയുടെ കൊക്കുകള്‍ വളരെ വലുതും  ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള്‍ക്ക് ആണ്‍ വേഴാമ്പലുകളേക്കാള്‍ വലുപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍ വേഴാമ്പലുകള്‍ക്ക് നീല കലര്‍ന്ന വെള്ള  കണ്ണുകളുമാണുള്ളത്. കറുപ്പും മഞ്ഞയും കലര്‍ന്ന തൊപ്പി ഇവയുടെ പ്രത്യേകതയാണ്. പഴങ്ങള്‍, പുഴുക്കള്‍, ചെറുപ്രാണികള്‍, ചെറിയ പാമ്പുകള്‍, പല്ലികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആദ്യമായാണ് മലമുഴക്കി വേഴാമ്പലുകളെ കാണുന്നത്. നല്ല കുറച്ച് ചിത്രങ്ങള്‍ എടുക്കാന്‍ പറ്റിയ സന്തോഷത്തോടെ നെല്ലിയാമ്പതി മലനിരകളില്‍നിന്ന് ഞങ്ങള്‍ തിരിച്ചിറങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.