ജെഡിഎസ് പിടിവാശി; ശിവകുമാറിനെ തള്ളി കോണ്‍ഗ്രസ്

Sunday 3 June 2018 3:00 am IST

ബെംഗളൂരു: ജെഡിഎസ് പിടിവാശിക്കു മുന്‍പില്‍  വാഗ്ദാനങ്ങളെല്ലാം മറന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡി.കെ. ശിവകുമാറിനെ തള്ളി. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധം അറിയിച്ച ഡി.കെ. ശിവകുമാര്‍ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ രൂപീകരണത്തില്‍ വിട്ടു നില്‍ക്കുമെന്ന് ഭീഷണി മുഴക്കി. 

ദേവഗൗഡ കുടുംബവുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലാണ്  ശിവകുമാര്‍. മുന്‍പ് കുമാരസ്വാമി സര്‍ക്കാരിന്റെ ഭരണകാലത്ത്  ശിവകുമാറിനും കുടുംബത്തിനും എതിരെ നിരവധി കേസുകളെടുത്തിരുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ജെഡിഎസ്സിന് പിന്തുണ പ്രഖ്യാപിച്ചത് ശിവകുമാറിനെ ഞെട്ടിച്ചിരുന്നു. സഖ്യത്തിനെതിരെ ശക്തമായ എതിര്‍പ്പ് നേതൃത്വത്തെ ശിവകുമാര്‍ അറിയിച്ചു. അടുത്ത ദിവസം രാവിലെ നടന്ന  കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആദ്യം ശിവകുമാറും ഇദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എ മാരും പങ്കെടുക്കാന്‍ തയ്യാറായിരുന്നുമില്ല. 

സര്‍ക്കാരില്‍ മാന്യമായ പദവി വാഗ്ദാനം ചെയ്താണ് ദേശീയ നേതൃത്വം  ശിവകുമാറിനെ അനുനയിപ്പിച്ചത്. പിന്നീടാണ് അദ്ദേഹം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത്. ഇതിന് ശേഷം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതും പിന്നീട് തിരികെ കൊണ്ടുവന്നതും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുമെല്ലാം നേതൃത്വം നല്‍കിയത്  ശിവകുമാറായിരുന്നു. 

ഇതെല്ലാം  ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചായിരുന്നു. ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാതെ പുറത്തു പോയതിന്റെ അടുത്ത ദിവസം കേന്ദനേതൃത്വം വിശ്വാസ വഞ്ചന കാണിക്കില്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. 

എന്നാല്‍ അധികാരം ലഭിക്കുമെന്ന് ഉറപ്പായതോടെ ദേവഗൗഡ കുടുംബം തനിനിറം കാണിച്ചു തുടങ്ങി. ഇദ്ദേഹം പ്രധാന സ്ഥാനത്തേക്ക് എത്തുന്നതില്‍ അപകടം മണത്ത കുമാരസ്വാമി  ശിവകുമാര്‍ പ്രധാന സ്ഥാനങ്ങളില്‍ വരുന്നതിലുള്ള എതിര്‍പ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചു. 

ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത്  ശിവകുമാറിനെ ആയിരുന്നു. എന്നാല്‍ ജി. പരമേശ്വര അവകാശ വാദം ഉന്നയിച്ചു. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനായിരുന്നു കുമാരസ്വാമിക്കും താത്പര്യം. ഒടുവില്‍ രണ്ടു ഉപമുഖ്യമന്ത്രി എന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ട് വച്ചു. ഇതിനെ  അനുകൂലിക്കാത്ത ജെഡിഎസ് മുഖ്യമന്ത്രിക്കൊപ്പം ഒരു ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്നും അത് പരമേശ്വരയാകട്ടെയെന്നും തീരുമാനിച്ചു. 

ഒഴിവാക്കുന്നതായി സൂചന ലഭിച്ച ശിവകുമാര്‍ നേതൃത്വവുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും ധനകാര്യം, ഊര്‍ജം എന്നിങ്ങനെ  പ്രധാന വകുപ്പ് നല്‍കാം എന്ന് അറിയിച്ചു. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഊര്‍ജവകുപ്പ് കൈകാര്യം ചെയ്തിരുന്നത്  ശിവകുമാറായിരുന്നു. എന്നാല്‍ ജെഡിഎസ് പിടിവാശിക്കു മുന്‍പില്‍ രണ്ടു വകുപ്പുകളും കോണ്‍ഗ്രസിന് അടിയറവ് വയ്‌ക്കേണ്ടി വന്നു. 

കുമാരസ്വാമിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി. രേവണ്ണയ്ക്കാണ് ഊര്‍ജ വകുപ്പ് നല്‍കുക. ആഭ്യന്തരം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ച പ്രധാന വകുപ്പ്. ഇത് ജി.പരമേശ്വരയ്ക്ക് നല്‍കും.  ഇതോടെ പ്രധാന വകുപ്പുകളൊന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ കടുത്ത പ്രതിഷേധത്തിലാണ്  ശിവകുമാര്‍. 

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി രൂപീകരിച്ച സമിതിയിലും  ശിവകുമാറിനെ ഉള്‍പ്പെടുത്തിയില്ല. സിദ്ധരാമയ്യ ചെയര്‍മാനും ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ്അലി കണ്‍വീനറുമായി രൂപീകരിച്ച സമിതിയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ജി. പരമേശ്വര, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരാണ് അംഗങ്ങള്‍. 

പി.എന്‍. സതീഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.