കെവിന്‍ വധം: സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം: കേന്ദ്രമന്ത്രി

Sunday 3 June 2018 3:03 am IST

നട്ടാശ്ശേരി/കോട്ടയം: കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. ഇന്നലെ കെവിന്റെ വീട്ടിലെത്തി ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും സമാശ്വസിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുവാവിനെ കോട്ടയത്ത് നിന്ന് തട്ടിയെടുത്ത് തെന്മലയിലെത്തിച്ച് വധിക്കുവാന്‍ ഗുണ്ടകള്‍ക്ക് സാധിച്ചത് ഒരു എഎസ്‌ഐയുടെ സഹായം കൊണ്ടുനമാത്രമാണെന്ന് കരുതാനാവില്ല. ഉന്നതരുടെ പങ്ക് ഇതില്‍ വ്യക്തമാണ്. ഒരു എസ്പിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയുന്നു. കേരള പോലീസിന്റെ അന്വേഷണത്തില്‍ ഇതു തെളിയുവാനുള്ള സാധ്യത വിരളമാണ്. എഎസ്‌ഐയുടെ പെരുമാറ്റം തന്നെ  സംശയം ജനിപ്പിക്കുന്നതാണ്.

പോലീസിന്റെയും മറ്റ് പല ഉന്നതരുടെയും പങ്കും മൗനസമ്മതവുമില്ലാതെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടക്കില്ലെന്ന് ജനങ്ങള്‍ സംശയിക്കുന്നു. കെവിന്റെ ഭാര്യ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ജനങ്ങളുടെ സംശയത്തിന് പരിഹാരം കണ്ടെത്തണമെങ്കില്‍ സിബിഐയെക്കൊണ്ടുതന്നെ ഈ കേസ് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. നോബിള്‍ മാത്യു, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍, കര്‍ഷകമോര്‍ച്ച സെക്രട്ടറി നന്ദകുമാര്‍, ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.