കെവിന്റെ കൊലപാതകം; പാപക്കറ കളയാന്‍ വിശദീകരണ സമ്മേളനവുമായി സിപിഎം

Sunday 3 June 2018 3:05 am IST

കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് മറയ്ക്കാന്‍ വിശദീകരണ യോഗവുമായി സിപിഎം. ക്വട്ടേഷന്‍ സംഘത്തിന് കെവിന്‍ താമസിച്ച മാന്നാനത്തെ വീട്ടിലേക്ക് വഴി കാണിച്ച് കൊടുത്തത് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ടവരാണെന്ന് പുറത്തുവന്നതോടെ സിപിഎം ജില്ലാ നേതൃത്വം തീര്‍ത്തും പ്രതിരോധത്തിലായിരുന്നു. പാപക്കറ കഴുകിക്കളയാന്‍ നാളെ വൈകിട്ട് 4ന് തിരുനക്കരയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് സിപിഎം വിശദീകരണ സമ്മേളനം നടത്തും.

കെവിന്റെ കൊലപാതക സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് കനത്ത പ്രഹരമായി. ഒടുവില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരനല്ലൂര്‍, മാന്നാനം എന്നിവിടങ്ങളിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് പുറത്തായത്. പ്രതികള്‍ കെവിന്റെ അച്ഛന്‍ താമസിക്കുന്ന കുമാരനല്ലൂര്‍ നട്ടാശ്ശേരി ഭാഗത്ത് നിന്ന് താമസസ്ഥലം അന്വേഷിച്ചു. ഇവിടെയുള്ള സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ നിന്നാണ് കെവിന്‍ മാന്നാനത്താണ് കഴിയുന്നതെന്ന് ക്വട്ടേഷന്‍ സംഘം മനസ്സിലാക്കിയത്. മാന്നാനം സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന ഡിവൈഎഫ്‌ഐ നേതാവുണ്ടെന്നും ഇയാളെ പോയി കണ്ടാല്‍ സഹായം ലഭിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് ബാങ്കിലെത്തി പ്രതികള്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയെങ്കിലും പാര്‍ട്ടി സംരക്ഷണമുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചില്ല. 

ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചെന്ന് പുറത്തറിഞ്ഞതോടെ സിപിഎം നേതൃത്വം നിഷേധക്കുറിപ്പ് ഇറക്കി. കൂടാതെ നീനുവിന്റെയും കെവിന്റെയും വിവാഹ കാര്യത്തില്‍ തങ്ങള്‍ ഇടപെട്ടെന്നും പാര്‍ട്ടി കുടുംബമാണ് കെവിന്റേതെന്നും സിപിഎം നേതൃത്വം വിശദീകരണവുമായി വന്നു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ച ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവര്‍ത്തകരെയും തളളിപ്പറയാന്‍ നേതൃത്വം തയ്യാറായിട്ടില്ല.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം 

കോട്ടയം: കെവിന്‍ പി. ജോസഫിനെ കൊലപ്പെടുത്താനെത്തിയ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു, പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.  

കഴിഞ്ഞദിവസം അഞ്ചു പേര്‍ കൂടി പിടിയിലായതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസന്‍ എന്നിവരാണ് പിടിയിലായത്. കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ 14 അംഗ സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരെ കൊല്ലം റൂറല്‍ പോലീസാണ് പിടികൂടിയത്. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ രഹ്‌ന ഒളിവിലാണ്. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. 

ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസിനെയും ഹസനെയും പുനലൂരില്‍ നിന്നുമാണ് പിടികൂടിയത്. എല്ലാ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ച് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. ഇതിനിടെ വെള്ളിയാഴ്ച പ്രത്യേക സംഘം കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.