ദമ്പതികള്‍ അറസ്റ്റില്‍; ചോരക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത് നാണക്കേട് ഭയന്ന്

Sunday 3 June 2018 3:06 am IST

വടക്കാഞ്ചേരി/ കൊച്ചി: ഇടപ്പളളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്ന്. കേസില്‍ അറസ്റ്റിലായ,  കുഞ്ഞിന്റെ അച്ഛന്‍ ബിറ്റോയാണ് ഇങ്ങനെ മൊഴി നല്‍കിയത്.  ഭാര്യ നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാനം ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോ എളമക്കര പോലീസിന് നല്‍കിയ മൊഴി. 

വെള്ളിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ ഡിസ്ചാര്‍ജ് പോലും ചെയ്യാതെയാണ് മാതാപിതാക്കള്‍ കൊച്ചിയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചത്. സംഭവത്തില്‍  കുട്ടിയുടെ അച്ഛന്‍ വടക്കാഞ്ചേരി നീലങ്കാവില്‍ വീട്ടില്‍ ബിറ്റോ (34)യെയും ഭാര്യ പ്രബിത(30)യെയും എളമക്കര പോലീസ് പിടികൂടി. ഇരുവര്‍ക്കുമെതിരെ ഐപിസി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കേസെടുത്തു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാട്ട്സാപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് പ്രതികളെ തിരിച്ചറിഞ്ഞ ഒരാള്‍ വടക്കാഞ്ചേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എളമക്കര പോലീസ് ഇന്നലെ രാവിലെ വടക്കാഞ്ചേരിയിലെത്തി കുട്ടിയുടെ പിതാവ് ബിറ്റോയെ അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ ഉപേക്ഷിച്ചശേഷം ബിറ്റോയും കുടുംബവും രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ദമ്പതികള്‍ക്ക് മറ്റ് മൂന്ന് ആണ്‍മക്കള്‍ കൂടിയുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധിതൃതര്‍ അറിയിച്ചു. കുഞ്ഞിനെ അമ്മ തൊട്ടിലിന് കൈമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.