പാലക്കാട് നഗരസഭ അവിശ്വാസം ; യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ബിജെപി

Sunday 3 June 2018 3:10 am IST

പാലക്കാട്: സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള  തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയ ആറ് യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി. ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറിയും നഗരസഭ വൈസ് ചെയര്‍മാനുമായ സി.കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേമകാര്യ,പൊതുമരാമത്ത് സമിതികളിലേക്ക് മെയ് 31ന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തിരുന്നു.ഇത് കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയില്‍ വരും. ക്ഷേമകാര്യസമിതി അംഗങ്ങളായ പി.മോഹനന്‍,പി.എംഹബീബ,റസീന ബഷീര്‍ പൊതുമരാമത്ത് സമിതിയിലെ കെ.ഭവദാസ്,ബി.സുഭാഷ്,കെ.ഭാഗ്യം എന്നിവര്‍ക്കെതിരെയാണ്  പരാതി നല്‍കുക. കെ.ഭവദാസ്,പി.മോഹനന്‍ എന്നിവരായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഭവദാസ് കോണ്‍ഗസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ഡിസിസി സെക്രട്ടറിയുമാണ്. മോഹനന്‍ ദീര്‍ഘകാലമായി ഡിസിസി ഓഫീസ് സെക്രട്ടറിയും. ഹബീബയും റസീനയും മുസ്ലീംലീഗ് പ്രതിനിധികളാണ്.

 യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശപത്രിക നല്‍കിയതിനുശേഷം എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തുവെന്ന അപൂര്‍വമായ നടപടിയാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. ഒപ്പം അതാത് പാര്‍ട്ടി ജില്ല അധ്യക്ഷന്മാര്‍ നല്‍കിയ വിപ്പും ലംഘിച്ചു. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ മതിയായ കാരണമാണിതെന്ന് നേതാക്കള്‍ പറഞ്ഞു. സമാനമായ സംഭവത്തില്‍ സ്വതന്ത്ര അംഗത്തെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയ നടപടിയെ ഹൈക്കോടതി ശരിവച്ചത് ഇവര്‍ ചൂണ്ടിക്കാട്ടി. പത്തനംതിട്ട,മല്ലപ്പുഴ പഞ്ചായത്തിലെ സ്വതന്ത്ര അംഗത്തിനാണ് അയോഗ്യത കല്‍പ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.