ചെങ്ങന്നൂരിലെ തോല്‍വി; കോണ്‍ഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം

Sunday 3 June 2018 3:05 am IST

* ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് 

* ഗ്രൂപ്പ് വേണ്ടെന്ന് പറയുന്നത് കൈയ്യടി നേടാന്‍, സുധീരനും കൊട്ട്

* നേതാക്കളുടെ ദല്‍ഹി യാത്രയെക്കുറിച്ചും പരിഹാസം

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്തതോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടിമുഖപത്രം വീക്ഷണം. വേണം കോണ്‍ഗ്രസ്സിന് രണോന്മുഖ നേതൃത്വം എന്ന തലക്കെട്ടിലെഴുതിയ മുഖ പ്രസംഗത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുന്നത്. നേതൃനിരയിലേക്ക് കഴിവും പ്രാപ്തിയുമുള്ളവരെ കൊണ്ടുവന്ന് പാര്‍ട്ടിയില്‍   വലിയ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്നും ഇതില്‍ പറയുന്നു.  കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമുള്ള വിമര്‍ശനം കൂടിയാണ് മുഖപ്രസംഗം.

 എല്ലാനിലയിലും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരുസര്‍ക്കാറിനോട് പകരം ചോദിക്കാനുള്ള അവസരമാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് കളഞ്ഞുകുളിച്ചത്. പിണറായി വിജയനെപ്പോലെ ഇത്രയേറെ അണ്‍പോപ്പുലറും അഹങ്കാരിയുമായ ഒരു മുഖ്യമന്ത്രിയുടെ ജനവിരുദ്ധ ഭരണത്തെ തൊലിയുരിച്ച് കാണിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്നും മുഖപ്രസംഗം പറയുന്നു. 

യുഡിഎഫ് തോല്‍വികളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്ത് വന്നിട്ടുകാര്യമില്ല. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാണ്.  കെപിസിസിയുടെയും ഡിസിസിയുടെയും പുന:സംഘടനയില്‍ മാത്രമാണ് നേതാക്കള്‍ക്ക് താത്പര്യം.  മണ്ഡലം കമ്മിറ്റികളും  ബൂത്ത് കമ്മിറ്റികളും ജഡാവസ്ഥയിലാണ്. പലപ്പോഴും പുന: സംഘടനയുടെ പെരുമ്പറ കൊട്ടി ആളും ആരവവുമായി ദല്‍ഹിയിലേക്ക് നേതാക്കളും ഭൂതഗണങ്ങളും വിമാനം കയറും. മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ പോലെയാണ്. ഇപ്പോള്‍ പാര്‍ട്ടി പുന: സംഘടന എത്തിനില്‍ക്കുന്നത് രാമേശ്വരത്തെ ക്ഷൗരം പോലെയാണ്.

 പാര്‍ട്ടിയില്‍ ഗ്രൂപ്പ് വേണ്ടാ എന്ന് പറയുന്നത് കൈയ്യടി നേടാനുള്ള വികലമായ അഭിപ്രായമാണ്. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പിസമാണെന്ന് വി.എം. സുധീരന്‍ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നിലെയാണിത്.  ഗ്രൂപ്പിസം കൊണ്ടല്ല കോണ്‍ഗ്രസ്സ് തോല്‍ക്കുന്നതും ക്ഷീണിക്കുന്നതും. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതുകൊണ്ടാണ്. നേതാക്കള്‍ എത്തുമ്പോള്‍ വെണ്‍മയും ഇസ്തിരി വടിവും മായാത്ത മായാത്ത വസ്ത്രവുമണിഞ്ഞ് മുഖം കാണിച്ച് ചെവി തിന്നും പെട്ടി പേറിയും നടക്കുന്നവര്‍ പാര്‍ട്ടിയിലെ പതിരും കളകളുമാണ്. ഈ കള പറിച്ചും പതിരുകളഞ്ഞും മാത്രമേ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാവൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.