കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി വിപുലമാക്കുന്നു

Sunday 3 June 2018 3:10 am IST

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി   ബീമാ യോജന (പിഎംജെജെബിഐ) ഇന്‍ഷുറന്‍സ് പദ്ധതി സമൂഹത്തിന്റെ താഴെത്തട്ടിലുള്ള എല്ലാവരിലുമെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തില്‍ എല്ലാവരെയും ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിവര്‍ഷം 330 രൂപ അടച്ചാല്‍ 18 വയസിനും 50 വയസ്സിനുമിടയിലുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ ധനസഹായം കിട്ടും. നിലവില്‍ പ്രീമിയം തുക വാര്‍ഷികമായാണ് അടയ്ക്കുന്നത്. ഇത് മൂന്നുമാസത്തിലൊരിക്കല്‍ വീതം അടയ്ക്കാന്‍ സൗകര്യമൊരുക്കും. ഇന്‍ഷുറന്‍സ് തുക കാലതാമസം കൂടാതെ വളരെ പെട്ടെന്ന് ലഭ്യമാക്കും. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് 31.67 കോടി ജന്‍ധന്‍ അക്കൗണ്ടുകളുണ്ട്. സഹകരണബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുമേഖലാ, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി പദ്ധതി വ്യാപകമാക്കും. ബോധവത്കരണത്തിനായി സര്‍ക്കാരും എല്‍ഐസി പോലുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും പ്രചാരണം നടത്തും. 

 5.5 കോടി പേര്‍ മാത്രമാണ് പദ്ധതിയില്‍ അംഗങ്ങളായുള്ളത്. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് അര്‍ഹരായവരില്‍ വെറും 5.05 ശതമാനം പേരില്‍ മാത്രമാണ് പദ്ധതി എത്തിയിട്ടുള്ളത്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ജനവിഭാഗങ്ങളില്‍ പലര്‍ക്കും പദ്ധതിയെക്കുറിച്ച് അറിയില്ല. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും പദ്ധതിയുടെ പ്രോത്സാഹനത്തിനായി യാതൊന്നും ചെയ്യാത്തതാണ് ഇതിനു കാരണം. പദ്ധതിയുടെ പ്രയോജനം പാവപ്പെട്ടവരില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.