ചന്ദനക്കുറി വര്‍ഗീയം, കൊന്ത മതേതരം

Sunday 3 June 2018 3:18 am IST

ചെങ്ങന്നൂരിന്റെ പാഠം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്: ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും മതേതരവുമെന്ന പ്രചരണത്തിന്റെ വിജയം. മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കിയിരുന്ന കോണ്‍ഗ്രസ് നേതാക്കളും, ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളും വിലപിച്ച് തുടങ്ങിയിരിക്കുന്നു ചന്ദനക്കുറി തൊട്ടാല്‍ തങ്ങള്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന്. 

 സിപിഎമ്മിലാകട്ടെ ക്ഷേത്രങ്ങളില്‍ പോകുന്ന സഖാക്കള്‍ വിമര്‍ശിക്കപ്പെടുകയും ഇതര മതങ്ങളുടെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇനി വിജയിക്കണമെങ്കില്‍ ചന്ദനക്കുറി മായ്ച്ചു കളയേണ്ട ഗതികേടില്‍ രാഷ്ട്രീയ നേതാക്കളെയെത്തിച്ചു എന്നതാണ് ചെങ്ങന്നൂര്‍ നല്‍കുന്ന സന്ദേശം. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ഇനി ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും. അതിനാല്‍ ഇതൊക്കെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും വിലക്കപ്പെട്ടവയായി മാറണമെന്നും ചെങ്ങന്നൂര്‍ പഠിപ്പിക്കുന്നു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും, രാജ്‌മോഹന്‍ ഉണ്ണിത്താനും ഒക്കെ ഇക്കാര്യങ്ങള്‍ നന്നായി ബോധ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ ചന്ദനക്കുറി കണ്ടതോടെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ മാത്രമല്ല, ഘടകകക്ഷികളും,  കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങളും  കുരിശു കണ്ട ചെകുത്താനെ പോലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. 

 ക്രൈസ്തവ വോട്ടുകളും മുസ്ലീം വോട്ടുകളും  ഒന്നാകെ ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒഴുകി. വടക്കന്‍ കേരളത്തില്‍ ഒരു പ്രബല ന്യൂനപക്ഷ മതവിഭാഗം കൃത്യമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്ട്രീയത്തിന് അതീതമായി ജയിപ്പിക്കുന്ന മാതൃക മദ്ധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗവും പയറ്റുന്നു എന്നതും ചെങ്ങന്നൂര്‍ ഫലം വ്യക്തമാക്കുന്നു. ഇതിന് ഇന്ധനം പകര്‍ന്നു നല്‍കുന്നതു സിപിഎമ്മും, ഇടതുപക്ഷവുമാണ്.  ചെങ്ങന്നൂരിലെ നിയുക്ത എംഎല്‍എ സജി ചെറിയാന്‍ പള്ളികളില്‍ പോകുന്നതിനെ മതേതരത്വത്തിന്റെ പ്രതീകമായി വാഴ്ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നത് വിവാദമാക്കുന്നതും ഇതെ ലക്ഷ്യത്തോടെയാണ്.

   2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തിരുന്നു. 

 ഈ ഇരട്ടത്താപ്പ് പോലും സിപിഎമ്മിന് നേട്ടമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരിലേത്. 26 ശതമാനമുള്ള ക്രൈസ്തവ വോട്ടുകളും, ആറ് ശതമാനമുള്ള മുസ്ലീം വോട്ടുകളും, തങ്ങളുടെ ഉറച്ച രാഷ്ട്രീയ വോട്ടുകളും ചേരുമ്പോള്‍ത്തന്നെ ഇവിടെ അന്‍പത് ശതമാനത്തിലേറെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നു. 

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ അവര്‍ കണ്ട മാര്‍ഗമായിരുന്നു ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍. മതേതരനാകാന്‍ ചന്ദനക്കുറി മായ്‌ക്കേണ്ട ഗതികേടില്‍ രാഷ്ട്രീയക്കാരെ എത്തിച്ചു എന്നതും ചെങ്ങന്നൂര്‍ നല്‍കുന്ന പ്രധാന പാഠമാണ്.

പി ശിവപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.