പകർച്ചവ്യാധി ഭീതിയും; അഞ്ച് മാസത്തിനിടെ 99 മരണം

Sunday 3 June 2018 3:20 am IST

കോഴിക്കോട്: നിപ വൈറസ് ഭീതിക്ക് ഒപ്പം സംസ്ഥാനത്ത് മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നു. ഡെങ്കിപ്പനി, എച്ച്1എന്‍1, ചിക്കുന്‍ഗുനിയ, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളാണ് നിപയ്‌ക്കൊപ്പം പടരുന്നത്. അഞ്ച് മാസത്തിനുള്ളില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ 99 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചികിത്സ തേടിയത് 12 ലക്ഷത്തിലധികം പേര്‍. നിപ ബാധിച്ച് മരിച്ച 17 പേര്‍ ഉള്‍പ്പെടാതെയുള്ള കണക്കുകളാണിത്. 

അഞ്ച് മാസത്തിനുള്ളില്‍ 12,12,973 പേരാണ് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ചികിത്സ തേടിയത്. സാധാരണ പനിക്ക് മാത്രം ആശുപത്രികളില്‍ എത്തിയത് 9,87,181 പേര്‍, അതില്‍ 25 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഡെങ്കിപ്പനി ബാധിച്ച 4,869 പേരില്‍ 19 പേര്‍ മരിച്ചു. 3,955 പേരാണ് ചിക്കുന്‍ഗുനിയ സംശയത്തിലുള്ളത്. 

വയറിളക്കവും ഛര്‍ദ്ദിയും പടര്‍ന്നുപിടിക്കുകയാണ്. 1.96 ലക്ഷം പേരാണ് ഇതിനു ചികിത്സ തേടിയത്. ഇതില്‍ ഏഴ് പേര്‍ മരിച്ചു. വയറിളക്കത്തോടൊപ്പം രക്തസ്രാവവും അനുഭപ്പെടുന്ന 'ഷിഗെല്ല' രോഗവും പാലക്കാട്ട് രണ്ട് പേരില്‍ ഇന്നലെ കണ്ടെത്തി. പതിവില്ലാത്ത തരത്തില്‍ ചിക്കന്‍പോക്‌സും പടരുകയാണ്. 16,262 പേരിലേക്ക് പടര്‍ന്ന ചിക്കന്‍പോക്‌സ് 12 പേരുടെ ജീവന്‍ കവര്‍ന്നു. ഒരാള്‍ ജപ്പാന്‍ജ്വരം ബാധിച്ച് മരിച്ചു. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജപ്പാന്‍ജ്വരം സംശയത്തിലുള്ള നാലുപേര്‍ മരിക്കുകയും 14 പേര്‍ രോഗസംശയത്തില്‍ ചികിത്സയിലുമുണ്ട്. 

എലിപ്പനി വന്ന് മരിച്ചത് 23 പേരാണ്. എലിപ്പനി സംശയത്തില്‍ ചികിത്സയിലുള്ള 700 പേരില്‍ 238 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലിനജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) ബാധിച്ച് മരിച്ചത് അഞ്ച് പേര്‍. ചികിത്സയിലുള്ള 2,056 പേരില്‍ 521 രോഗികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്ര മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്-ബി 330 പേരിലേക്ക് പടരുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. എച്ച്1എന്‍1 പതിനൊന്ന് പേരിലാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നിന്ന് തുടച്ചുമാറ്റിയെന്ന് അവകാശപ്പെട്ടിരുന്ന കോളറ ഏഴ് പേരില്‍ സ്ഥിരീകരിച്ചു. നാല് പേര്‍ കോളറ സംശയത്തില്‍ ചികിത്സയിലാണ്. തദ്ദേശീയരായ ആറ് പേരില്‍ മലേറിയ സ്ഥിരീകരിച്ചപ്പോള്‍ ഇതര സംസ്ഥാനത്ത് താമസിച്ചശേഷം മടങ്ങിവന്ന 252 പേരിലും മലേറിയ കണ്ടെത്തി. ആരോഗ്യവകുപ്പ് അഞ്ചാംപനിക്കെതിരെ വാക്‌സിനേഷന്‍ നടത്തിയെങ്കിലും 69 പേര്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. 145 പേര്‍ ഇപ്പോഴും രോഗസംശയത്തില്‍ ചികിത്സയിലുണ്ട്. 

ടൈഫോയ്ഡ് 71 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ 461 പേര്‍ നിരീക്ഷണത്തിലാണ്. 40 ആളുകളില്‍ ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേരോഗത്തിന് 46 പേര്‍ നിരീക്ഷണത്തിലാണ്. ചിക്കന്‍ഗുനിയ 32 പേരില്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗ സംശയത്തില്‍ ചികിത്സയിലാണ്.

അനീഷ് അയിലം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.